ഹൈദരാബാദ്: സൗരയൂഥത്തിലെ നിഗൂഢമായ വ്യാഴത്തിന്റെ 'ട്രോജൻ' ഛിന്നഗ്രഹങ്ങളുടെ (Jupiter Trojan asteroids) മേഖലയിലേക്ക് വിജയകരമായി അടുക്കുന്ന ആദ്യ മനുഷ്യനിർമിത പേടകമായി നാസയുടെ 'ലൂസി' മാറി. വ്യാഴത്തിന്റെ സൂര്യന്റെയും ഗുരുത്വാകർഷണ ബലത്തിന്റെ സഹായത്താൽ നിശ്ചിത ഭ്രമണപഥത്തിൽ നിലനിൽക്കുന്ന ഛിന്നഗ്രഹ കൂട്ടങ്ങളാണിവ.
2021 ഒക്ടോബർ 16ന് വിക്ഷേപിച്ച ലൂസി, അഞ്ച് വർഷത്തെ നീണ്ട യാത്രയിൽ 2.2 ശതകോടി മൈലുകൾ പിന്നിട്ടാണ് നിലവിൽ വ്യാഴത്തിന്റെ ലഗ്രാഞ്ച് പോയിന്റ് 4 (L4) മേഖലയിലേക്ക് അടുക്കുന്നത്. ശാസ്ത്രലോകം ഇനിയും പൂർണമായി പര്യവേക്ഷണം ചെയ്യാത്ത ഈ പ്രദേശങ്ങളെ 'ഐലൻഡ്സ് ഓഫ് സ്റ്റബിലിറ്റി' എന്നാണ് വിശേഷിപ്പിക്കുന്നത്.
മുൻപ് പല പേടകങ്ങളും വ്യാഴത്തെ ലക്ഷ്യമാക്കി പറന്നിട്ടുണ്ടെങ്കിലും, വ്യാഴത്തിൽ നിന്നുള്ള വൻ അകലം കാരണം ഒരു പേടകത്തിനും ഇതുവരെ ട്രോജൻ ഛിന്നഗ്രഹങ്ങൾ സന്ദർശിക്കാൻ സാധിച്ചിരുന്നില്ല. സൂര്യനും വ്യാഴവും തമ്മിലുള്ള അതേ അകലത്തിൽ തന്നെയാണ് (ഏകദേശം 484 ദശലക്ഷം മൈൽ) ഈ ഛിന്നഗ്രഹങ്ങളും സ്ഥിതി ചെയ്യുന്നത്.
2027 ഓഗസ്റ്റ് 11നാണ് ലൂസി 'യൂറിബേറ്റ്സ്' എന്ന ട്രോജൻ ഛിന്നഗ്രഹത്തെ ആദ്യമായി കണ്ടുമുട്ടുന്നത്. തുടർന്ന് സെപ്റ്റംബറിൽ 'പോളിമെലെ' (Polymele), 2028 ഏപ്രിലിൽ 'ലൂക്കസ്' (Leucus), നവംബറിൽ 'ഓറസ്' (Orus) എന്നീ ഛിന്നഗ്രഹങ്ങളെയും പേടകം നിരീക്ഷിക്കും.
2030ൽ ഭൂമിയുടെ ഗുരുത്വാകർഷണ സഹായം തേടി തിരികെ എത്തുന്ന ലൂസി, തുടർന്ന് വ്യാഴത്തിന് പിന്നാലെ സഞ്ചരിക്കുന്ന രണ്ടാമത്തെ ട്രോജൻ ഛിന്നഗ്രഹ കൂട്ടമായ 'L5' ലക്ഷ്യമാക്കി കുതിക്കും. 2033 മാർച്ചിൽ 'പട്രോക്ലസ്', 'മെനോയറ്റിയസ്' എന്നീ ഇരട്ട ഛിന്നഗ്രഹങ്ങളെയും പേടകം പഠനവിധേയമാക്കും.
സൂര്യനിൽ നിന്നും ഭൂമിയേക്കാൾ അഞ്ച് മടങ്ങ് കൂടുതൽ അകലെയാണെങ്കിലും പേടകത്തിലെ ഉപകരണങ്ങളെല്ലാം നിലവിൽ മികച്ച രീതിയിൽ പ്രവർത്തിക്കുന്നുണ്ടെന്ന് നാസ വ്യക്തമാക്കി. 4.5 ശതകോടി വർഷങ്ങൾക്ക് മുൻപ് നമ്മുടെ സൗരയൂഥം എങ്ങനെ രൂപപ്പെട്ടു എന്നതിനെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ കണ്ടെത്താൻ ഈ ദൗത്യത്തിലൂടെ സാധിക്കുമെന്നാണ് ശാസ്ത്രജ്ഞരുടെ പ്രതീക്ഷ.
Tags : Spacecraft lucy sun jupiter jupitertrojanasteroids nasa