ഡ്രീംബീൻസ്'
ന്യൂഡൽഹി: ഗൂഗിളിന്റെ പരീക്ഷണാത്മക എഐ ആപ്പായ 'ഡ്രീംബീൻസ്' ഇന്ത്യയിലും ലഭ്യമാക്കി. യുഎസിന് പുറത്ത് ഈ ആപ്പ് ലഭിക്കുന്ന ആദ്യ രാജ്യമാണ് ഇന്ത്യ. ഉപയോക്താക്കളുടെ ഓൺലൈൻ പ്രവർത്തനങ്ങളിൽ നിന്നുള്ള വിവരങ്ങൾ ശേഖരിച്ച്, അവരുടെ താത്പ്പര്യങ്ങൾക്കും ദിനചര്യകൾക്കും അനുസൃതമായ വ്യക്തിഗത കഥകളാക്കി മാറ്റുകയാണ് ഈ ആപ്പ് ചെയ്യുന്നത്.
ആൻഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ്ഫോമുകളിൽ ലഭ്യമായ ഈ ആപ്പ് ഇംഗ്ലണ്ടിന് പുറമെ മലയാളം ഉൾപ്പെടെ 13 ഇന്ത്യൻ ഭാഷകളിൽ ലഭിക്കും. ഹിന്ദി, ബംഗാളി, തെലുങ്ക്, മറാത്തി, തമിഴ്, ഉർദു, ഗുജറാത്തി, കന്നഡ, ഒഡിയ, പഞ്ചാബി, ആസാമി, നേപ്പാളി എന്നിവയാണ് മറ്റ് ഭാഷകൾ.
അനന്തമായി ഓൺലൈൻ ഫീഡുകൾ സ്ക്രോൾ ചെയ്ത് സമയം കളയാതെ, ഉപയോക്താക്കൾക്ക് താൽപ്പര്യമുള്ള വിവരങ്ങൾ എളുപ്പത്തിൽ കണ്ടെത്താൻ ഇതുവഴി സാധിക്കുമെന്ന് ഗൂഗിൾ വ്യക്തമാക്കുന്നു.
ഉപയോക്താക്കൾ പങ്കിടാൻ തെരഞ്ഞെടുക്കുന്ന ഗൂഗിൾ സേവനങ്ങളായ കലണ്ടർ, ജെമിനി, ജിമെയിൽ, ഫോട്ടോസ്, സെർച്ച്, യൂട്യൂബ് എന്നിവയുമായി ആപ്പ് ബന്ധിപ്പിക്കുന്നു. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പ്രത്യേക പ്രോംപ്റ്റുകൾ ഒന്നും നൽകേണ്ട ആവശ്യമില്ലാതെ തന്നെ ആപ്പ് കഥകൾ രൂപപ്പെടുത്തുന്നു.
സന്ദർശിക്കാൻ ഇഷ്ടപ്പെടുന്ന സ്ഥലങ്ങൾ, ആർട്സ് ആൻഡ് ക്രാഫ്റ്റ് ആശയങ്ങൾ, പ്രാദേശിക പരിപാടികളെക്കുറിച്ചുള്ള ഓർമപ്പെടുത്തലുകൾ എന്നിവയെല്ലാം ഇതിൽ ഉൾപ്പെടും.
ആപ്പ് നിർമിക്കുന്ന സ്റ്റാറ്റിക് ചിത്രങ്ങൾക്ക് പുറമെ, ഗൂഗിളിന്റെ 'Veo' വീഡിയോ ജനറേഷൻ മോഡൽ ഉപയോഗിച്ച് തെരഞ്ഞെടുത്ത കഥകളിലെ ചിത്രങ്ങളെ ചലിപ്പിക്കാനും സാധിക്കും. വ്യക്തിഗത കഥകൾക്കായി ഉപയോക്താക്കൾക്ക് തങ്ങൾക്ക് താൽപ്പര്യമുള്ള ഒരു ഭാഷ തെരഞ്ഞെടുക്കാം.
നിലവിൽ വ്യക്തിഗത ജിമെയിൽ അക്കൗണ്ടുകൾ ഉള്ളവർക്ക് മാത്രമാണ് ഈ ആപ്പ് ലഭ്യമായിട്ടുള്ളത്. ആപ്പ് നിർമിക്കുന്ന കഥകൾ തികച്ചും സ്വകാര്യമായിരിക്കും, അക്കൗണ്ട് ഉടമയ്ക്ക് മാത്രമേ അവ കാണാൻ സാധിക്കൂ.
ഉപയോക്താക്കൾക്ക് ഏത് സമയത്തും തങ്ങളുടെ ലിങ്ക് ചെയ്ത ഗൂഗിൾ സേവനങ്ങൾ വിച്ഛേദിക്കാനും ഡ്രീംബീൻസ് ഡാറ്റ ഡിലീറ്റ് ചെയ്യാനുമുള്ള പൂർണ് നിയന്ത്രണവുമുണ്ട്.
Tags : dreambeans google dreambeens india app online storybook