സ്റ്റെതസ്കോപ്പ് അണിഞ്ഞ വധു; വൈറലായി കല്യാണപ്പെണ്ണിന്‍റെ പരീക്ഷ എഴുത്ത്
Monday, February 13, 2023 2:50 PM IST
കല്യാണം ഒരാളുടെ ജീവിതത്തിലെ പ്രധാനപ്പെട്ട ഒരു കാര്യമാണല്ലൊ. എന്നാല്‍ അതുപോലെ തന്നെ പ്രാധാന്യമുണ്ട് വിദ്യാഭ്യാസത്തിനും. പണ്ട് പലരും കല്യാണത്തോടെ പഠിത്തം മതിയാക്കിയിരുന്നു. എന്നാല്‍ കാലം മാറിയപ്പോള്‍ കല്യാണത്തിരക്കിനിടയിലും പരീക്ഷ എഴുതാന്‍ ആളെത്തുന്നു.
അത്തരമൊരു കാഴ്ചയാണ് നിലവില്‍ ഇന്‍സ്റ്റഗ്രാമില്‍ വൈറലാകുന്നത്. തിരുവനന്തപുരത്തെ ബഥനി നവജീവന്‍ കോളജ് ഓഫ് ഫിസിയോതെറാപ്പിയിലെ വിദ്യാര്‍ഥിനിയായ ശ്രീലക്ഷ്മി അനിലാണ് ഇത്തരത്തില്‍ വൈറലായിരിക്കുന്നത്.
ശ്രീലക്ഷ്മിയുടെ വിവാഹദിനത്തിലായിരുന്നു പ്രാക്ടിക്കല്‍ പരീക്ഷ. പിന്നൊന്നും നോക്കിയില്ല വധുവായി അണിഞ്ഞൊരുങ്ങി. പക്ഷേ കതിര്‍മണ്ഡപത്തിലേക്ക് പോകും മുമ്പ് പരീക്ഷ ഹാളില്‍ എത്തി.
വീഡിയോയില്‍ പരീക്ഷ മുറിയിലേക്ക് എത്തുന്ന വധുവിന്‍റെ ചിരിയും മറ്റ് പരീക്ഷാര്‍ഥികളുടെ മുഖഭാവവും കാണാം. ലാബ് കോട്ടും സ്റ്റെതസ്കോപ്പും വിവാഹ വസ്ത്രവും ഒക്കെ അണിഞ്ഞാണ് വധു പരീക്ഷ ഹാളില്‍ ഇരിക്കുന്നത്.
ഏതായാലും സംഭവം സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറി. നിരവധിപേര്‍ ശ്രീലക്ഷ്മിയെ അഭിനന്ദിച്ച് രംഗത്തെി. കരിയറും കുടുംബവും ഒരുപോലെ കൊണ്ട് പോവാന്‍ ആഗ്രഹിക്കുന്ന ആയിരക്കണക്കിന് സ്ത്രീകള്‍ക്ക് പ്രചോദനമാണ് ശ്രീലക്ഷ്മിയെന്ന് പലരും അഭിപ്രായപ്പെട്ടു.