യുവതിക്കൊപ്പം ഒളിച്ചോടിയ യുവാവിനെയും ബന്ധുക്കളെയും മരത്തിൽ കെട്ടിയിട്ട് മർദിച്ചു; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ
Thursday, May 16, 2019 3:30 PM IST
മധ്യപ്രദേശിലെ ദാറിൽ യുവാവിനെയും ബന്ധുക്കളായ രണ്ടു പെൺകുട്ടികളെയും മരത്തിൽ കെട്ടിയിട്ട് ക്രൂരമായി മർദിച്ചു. മറ്റൊരാളുടെ ഭാര്യക്കൊപ്പം യുവാവ് ഒളിച്ചോടിയെന്നാരോപിച്ചായിരുന്നു സ്ത്രീകൾ ഉൾപ്പെടെയുള്ളവരുടെ മർദനം.
ഒളിച്ചോടിയ യുവതിയുടെ ഭർത്താവും കൂട്ടാളികളുമാണ് പരസ്യമായി മർദിച്ചത്. ഒളിച്ചോടാൻ സഹായിച്ചതിനാണ് ബന്ധുക്കളായ രണ്ടു പെൺകുട്ടികൾക്കും മർദനമേറ്റത്. മുകേഷ് എന്നയാളുടെ ഭാര്യയെയാണ് അടുത്തിടെ കാണാതായിരുന്നത്. പിന്നീട് നടത്തിയ അന്വേഷണത്തിൽ യുവാവിനൊപ്പം അവരുണ്ടെന്ന് കണ്ടെത്തി.
കഴിഞ്ഞ ദിവസം പ്രശ്നം പരിഹരിക്കാനെന്ന രീതിയിൽ മുകേഷ് ഇവരെ വിളിച്ചുവരുത്തിയശേഷം മരത്തിൽ കെട്ടിയിട്ട് മർദിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചു പേരെ പോലീസ് അറസ്റ്റ് ചെയ്തു. നാലു പേർ ഇനിയും പിടിയിലാകാനുണ്ടെന്ന് പോലീസ് അറിയിച്ചു.