ജോലിക്കായി നെട്ടോട്ടം; ഫിസിക്കല്‍ ടെസ്റ്റിനിടെ "ആമയും മുയലും കഥ' ട്വിസ്റ്റും
Thursday, March 30, 2023 12:33 PM IST
"അങ്ങനെ മുയലൊന്നുറങ്ങി ആമ പതിയെ ഇഴഞ്ഞ് മത്സരം പൂര്‍ത്തിയാക്കി വിജയിക്കുകയും ചെയ്തു...' ഈ കഥ കേള്‍ക്കാത്ത മലയാളി ബാല്യം ഇല്ലെന്നുതന്നെ പറയാം. ആമയും മുയലും തമ്മിലുള്ള ആ ഓട്ടമത്സരത്തിന്റെ കഥ അത്ര പ്രശസ്തമാണ്.
എന്നാലിപ്പോള്‍ ഓട്ടത്തിനിടെ ഉറങ്ങിയ ഒരു യുവാവാണ് ഈ കഥ സമൂഹ മാധ്യമങ്ങളെ വീണ്ടും ഓര്‍മിപ്പിച്ചിരിക്കുന്നത്. മധ്യപ്രദേശിലെ ഖണ്ട്വയില്‍ ഫോറസ്റ്റ് റേഞ്ചര്‍ റിക്രൂട്ട്മെന്റ് പരീക്ഷയ്ക്കിടെയാണ് സംഭവം.
ഫിസിക്കല്‍ ടെസ്റ്റിന്റെ ഭാഗമായി ഓട്ടമത്സരം നടത്തിയിരുന്നു. ഈ റിക്രൂട്ട്മെന്റിനായി 24 കിലോമീറ്റര്‍ ഓട്ടം നാല് മണിക്കൂര്‍ കൊണ്ട് പൂര്‍ത്തിയാക്കേണ്ടതായിരുന്നു. 61 യുവാക്കള്‍ ഒന്നിച്ചാണ് ഓട്ടം.
ദാബ്രയില്‍ നിന്നുളള 21 കാരനായ പഹാര്‍ സിംഗും ഓട്ടമത്സരത്തില്‍ പങ്കെടുത്തു. എന്നാല്‍ പാതിദൂരം താണ്ടിയശേഷം പഹാര്‍ സിംഗ് തിരിഞ്ഞ് നോക്കുമ്പോള്‍ തന്റെ കൂടെയുള്ള ആരേയും കണ്ടില്ല.
ഇവരൊക്കെ വരാന്‍ ഒരുപാട് സമയമെടുക്കും എന്ന് കരുതി പഹാര്‍ ഒന്നു വിശ്രമിക്കാന്‍ തീരുമാനിച്ചു. രാവിലെ ആറിന് ആരംഭിച്ചതായിരുന്നു ഈ മത്സരം. അതിനാല്‍ത്തന്നെ ഇടയ്ക്കത്തെ ഈ വിശ്രമം പഹാറിന് അല്പം ഉറക്കം സമ്മാനിച്ചു.
വഴിയരികിലെ ഒരു മരത്തിന്റെ മറവില്‍ പഹാര്‍ സിംഗ് കിടന്നുറങ്ങാന്‍ തുടങ്ങി. എന്നാല്‍ ഇയാളുടെ കൂടെ മത്സരിച്ചവരെല്ലാം പഹാറിനെക്കടന്ന് ഫിനിഷിംഗിൽ എത്തി.
മത്സരാര്‍ഥികളുടെ എണ്ണത്തില്‍ ഒരാള്‍ കുറവുണ്ടെന്ന് മനസിലാക്കിയ ഫോറസ്റ്റ് റേഞ്ചിലെ ഉദ്യോഗസ്ഥര്‍ പഹാറിനെ തപ്പി ഇറങ്ങി. അവര്‍ കണ്ടെത്തുമ്പോള്‍ 96-ാം നമ്പര്‍ ബാഡ്ജും ധരിച്ച് ഇയാള്‍ സുഖമായി ഉറങ്ങുകയാണ്. അവര്‍ പഹാറിനെ തട്ടിയുണര്‍ത്തി.
എന്തിനാണ് ഇവിടെ ഉറങ്ങുന്നതെന്ന് ഉദ്യോഗസ്ഥര്‍ ചോദിച്ചപ്പോള്‍ തനിക്ക് കാലില്‍ മുറിവുകള്‍ ഉണ്ടായിരുന്നെന്നും അതിനാല്‍ അല്പം വിശ്രമിക്കാന്‍ ശ്രമിച്ചതാണെന്നും യുവാവ് പറഞ്ഞു. എപ്പോഴാണ് നിദ്രയിലേക്ക് വീണതെന്നറിയില്ലെന്നും പഹാര്കൂട്ടിച്ചേര്ത്തു.
സംഭവം സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായി. ആ പാവത്തിന് ഈ ജോലിയും ലഭിക്കില്ല എന്നാണൊരാള്‍ കമന്റിട്ടത്.