കാക്കിക്കുള്ളിലെ കലാകാരന് എന്ന വാചകം നമുക്ക് സുപരിചിതമാണല്ലൊ. അതെന്താ കാക്കി കലയുടെ തടവറയാണൊ എന്നും പലരും തിരിച്ച് ചോദിക്കാറുമുണ്ട്. എന്തായാലും പാട്ടുകാരായും അഭിനേതാക്കളായും ഒക്കെ പല പോലീസുകാരും നമുക്കിടയില്‍ വിലസാറുണ്ട് എന്നതാണ് സത്യം.
ഇപ്പോഴിതാ ഹൈദരബാദില്‍ നിന്നുള്ള രണ്ട് പോലീസുകാരാണ് നിലവില്‍ ചര്‍ച്ച. അവര്‍ കലാവിരുത് പ്രകടിപ്പിച്ചത് തങ്ങളുടെ പ്രീവെഡിംഗ് ഷൂട്ടിലൂടെയാണ്.
എന്നാല്‍ ഈ പ്രീവെഡിംഗ് വീഡിയോ വൈറലായി മാറിയതോടെ വിവാദത്തിലും പെട്ടു. അതിന് കാരണം ഈ ഷൂട്ടിനിടെ ഇവര്‍ പോലീസ് സ്റ്റേഷനും ഔദ്യോഗിക ജീപ്പും യൂണിഫോമും ഉപയോഗിച്ചു എന്നതാണ്.
ഹിറ്റായി മാറിയ ദൃശ്യങ്ങളില്‍ ആദ്യം ഒരു പോലീസ് വാഹനത്തില്‍ വനിതാ ഉദ്യോഗസ്ഥ വരികയാണ്. കീഴ് ഉദ്യോഗസ്ഥന് ഇവരെ സല്യൂട്ട് ചെയ്യുന്നു. അവര്‍ തിരിച്ചും. പിന്നീട് അവര്‍ ഒരു പരാതിക്കാരന് സമീപം നില്ക്കുമ്പോള് നമ്മുടെ കഥാനായകനായ പോലീസ് ഉദ്യോഗസ്ഥന് കടന്നുവരികയാണ്.
ഇദ്ദേഹം വനിതാ ഉദ്യോഗസ്ഥയെ കണ്ട് ചിരിക്കുന്നിടത്ത് നിന്ന് പാട്ടുകള്‍ ആരംഭിക്കുകയാണ്. എന്നാല്‍ ഇവരുടെ പ്രവര്‍ത്തിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പോലീസുകാര്‍ രംഗത്തെത്തി.
ഇവര്‍ക്കെതിരേ വകുപ്പ് നടപടി ഉണ്ടാകും എന്ന് വിചാരിച്ച ഇടത്താണ് മറ്റൊരു സംഭവമുണ്ടായത്. മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥനായ സി.വി. ആനന്ദ് ഇവരെ പിന്തുണച്ച് രംഗത്തെത്തി. "ഇത് രണ്ട് പോലീസ് ഉദ്യോഗസ്ഥരാണ്. അവര്‍ പോലീസ് വകുപ്പിന്റെ സ്വത്തുക്കളും ചിഹ്നങ്ങളും ഉപയോഗിക്കുന്നതില്‍ എനിക്ക് തെറ്റൊന്നും തോന്നുന്നില്ല. അവര്‍ ഞങ്ങളെ നേരത്തെ അറിയിച്ചിരുന്നെങ്കില്‍, ഷൂട്ടിംഗിന് ഞങ്ങള്‍ തീര്‍ച്ചയായും സമ്മതം നല്‍കുമായിരുന്നു.
നമ്മളില്‍ ചിലര്‍ക്ക് ദേഷ്യം തോന്നിയേക്കാം. പക്ഷേ അവരെ കണ്ട് ആശീര്‍വദിക്കാന്‍ എനിക്ക് തോന്നുന്നു'- അദ്ദേഹം എക്സില്‍ കുറിച്ചു.
അദ്ദേഹത്തിന്റെ കുറിപ്പ് വൈറലായി മാറി. നിരവധിപേര്‍ വധൂവരന്‍മാരാകാന്‍ പോകുന്ന പോലീസുകാര്‍ക്ക് ആശംസകള്‍ അറിയിച്ചു. അവരൊക്കെത്തന്നെ ഐപിഎസ് ഓഫീസര്‍ സി.വി. ആനന്ദിനെ അഭിനന്ദിക്കുകയുമുണ്ടായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.