ഫേസ് ലോക്ക് കൊടുത്ത പണി..! ഉറങ്ങിക്കിടന്നയാളുടെ ഫോണ് അൺലോക്ക് ചെയ്ത് റൂംമേറ്റ്സ് കവർന്നത് ഒരു ലക്ഷം രൂപ
Wednesday, April 10, 2019 12:44 PM IST
മുറിയിൽ ഉറങ്ങി കിടന്നയാളുടെ മുഖം ഉപയോഗിച്ച് അദ്ദേഹത്തിന്റെ ഫോണ് ലോക്ക് തുറന്ന് കൂടെയുണ്ടായിരുന്ന രണ്ടുപേർ അക്കൗണ്ടിൽ നിന്നും പണം പിൻവലിച്ചു. ചൈനയിലെ നിൻഗ്ബോയിലാണ് ഏറെ അമ്പരപ്പ് ഉണ്ടാക്കിയ സംഭവം നടന്നത്.
ഇവിടെ പ്രവർത്തിക്കുന്ന ഒരു റസ്റ്ററന്റിലെ ജീവനക്കാരാണ് ഇവരെല്ലാവരും. ജോലി ചെയ്തതിന്റെ ക്ഷീണത്തിൽ ഇയാൾ മുറിയിൽ കിടന്ന് ഉറങ്ങുമ്പോൾ സമീപമെത്തിയ രണ്ടു പേർ ഇയാളുടെ മുഖം ഉപയോഗിച്ച് ഫോണ് ലോക്ക് തുറക്കുകയും പണം ഇവരുടെ അക്കൗണ്ടിലേക്ക് മാറ്റുകയുമായിരുന്നു.
10,000 യുവാൻ (ഒരു ലക്ഷം രൂപ) ആണ് ഇവർ മോഷ്ടിച്ചത്. ഉറക്കത്തിൽ നിന്നും എഴുന്നേറ്റ ഇയാൾ പണം നഷ്ടമായത് മനസിലാക്കി പോലീസിനെ അറിയിച്ചു. ഇവർ നടത്തിയ അന്വേഷണത്തിൽ കൂടെയുണ്ടായിരുന്നവരാണ് പണം മോഷ്ടിച്ചതെന്ന് മനസിലാക്കുകയായിരുന്നു. ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തു.