12 ദിവസം പ്രായമുള്ള കുഞ്ഞിന്റെ പാസ്പോര്‍ട്ട് ചിത്രമെടുക്കാനുള്ള പെടാപാട്; കാണേണ്ടതുതന്നെ
Monday, May 8, 2023 11:21 AM IST
കുഞ്ഞുങ്ങള്‍ നമുക്കേവര്‍ക്കും പ്രിയപ്പെട്ടവരാണല്ലൊ. അവരുടെ നിഷ്കളങ്കമായ ചിരിയും ശബ്ദംവയ്ക്കലും ചേഷ്ടകളും എല്ലാവരുടെയും മനം കവരും. വല്ലാത്തൊരാനന്ദമാകും അത് മറ്റുള്ളവര്‍ക്ക് നല്‍കുക.
എന്നാല്‍ എല്ലായ്പ്പോഴും അതങ്ങനെയല്ല എന്ന് രസകരമായി പറയുകയാണ് അടുത്തിടെ വൈറലായൊരു വീഡിയോ. ഇത്തരമൊരു "അഭിപ്രായക്കാര്‍' ഒരു കുഞ്ഞിന്റെ പിതാവും ഒരു ഫോട്ടോഗ്രാഫറുമാണ്.
ഇന്‍സ്റ്റഗ്രാമില്‍ പ്രത്യക്ഷപ്പെട്ട വീഡിയോയില്‍ യൂട്യൂബര്‍ കൂടിയായ നിഖില്‍ ശര്‍മ തന്റെ 12 ദിവസം പ്രായമുള്ള കുട്ടിയുമായി ഒരു കസേരയിലിരിക്കുകയാണ്. ഈ സമയം മറ്റൊരാള്‍ ഈ കുഞ്ഞിന്റെ ഫോട്ടോ പകര്‍ത്താന്‍ ശ്രമിക്കുകയാണ്. പാസ്പോര്ട്ടില് കൊടുക്കാനായിട്ടാണത്രെ ഈ ചിത്രമെടുക്കല്‍.
എന്നാല്‍ ഫോട്ടോഗ്രാഫര്‍ ക്ലിക്ക് ചെയ്യുമ്പോഴെല്ലാം കുഞ്ഞ് മുഖം വെട്ടിക്കുകയൊ കണ്ണടയ്ക്കുകയൊ ചെയ്യുകയാണ്. പലവട്ടം ശ്രമിച്ചിട്ടും കുട്ടി ഇതുതന്നെയാണ് തുടര്‍ന്നത്. ഏകദേശം ഒരു മണിക്കൂറിലധികമെടുത്തു ഇവര്‍ക്ക് ആ ചിത്രമൊന്നു പൂര്‍ത്തീകരിക്കാന്‍.
വെെറലായി മാറിയ സംഭവത്തിന് നിരവധി കമന്റുകളും ലഭിച്ചു. "അതുകൊണ്ടെന്താ സംഭവം ഇപ്പോള്‍ ക്ലിക്കായില്ലെ' എന്നാണൊരാള്‍ കുറിച്ചത്.