"ഒപ്പം ഞാനും'; പുതുവത്സരത്തലേന്ന് ഡെലിവറിയ്ക്ക് ഇറങ്ങി സൊമാറ്റോ സിഇഒ
Monday, January 2, 2023 3:20 PM IST
ഓണ്‍ലൈന്‍ ഭക്ഷ്യവിതരണ ആപ്പുകളായ സ്വിഗിയും സൊമാറ്റൊയും നമുക്കെല്ലാവര്‍ക്കും സുപരിചിതമാണല്ലൊ. നഗരങ്ങളില്‍ പാര്‍ക്കുന്നവര്‍ക്ക് അവയുടെ ഉപകാരം നല്ലവണ്ണം അറിയാം.
കഴിഞ്ഞ ഡിസംബര്‍ 31ന് ഏകദേശം 20 ലക്ഷത്തില്‍ അധികം ഓര്‍ഡറുകളാണ് സൊമാറ്റോ ഡെലിവറി ചെയ്തത്. എന്നാല്‍ ട്വിറ്ററില്‍ ഇപ്പോള്‍ വൈറലായ ഒരു കാര്യം ഈ ഓര്‍ഡറുകള്‍ എത്തിക്കാന്‍ ജീവനക്കാര്‍ക്കൊപ്പം സൊമാറ്റോ സിഇഒയും ഇറങ്ങി എന്നതാണ്.
സൊമാറ്റോയുടെ സിഇഒ ദിപേന്ദര്‍ ഗോയലാണ് ഇത്തരത്തില്‍ പ്രവര്‍ത്തിച്ചത്. അദ്ദേഹം തന്നെയാണ് ഇക്കാര്യം തന്റെ ട്വിറ്ററിലൂടെ വെളിപ്പെടുത്തിയത്. മാത്രമല്ല തന്റെ ട്വിറ്ററിന്റെ ബയോ "സൊമാറ്റോ ഡെലിവറി ബോയ്’ എന്നാക്കി മാറ്റുകയും ചെയ്തു ദിപേന്ദര്‍.
സൊമാറ്റോയുടെ ചുവപ്പ് നിറത്തിലുള്ള യൂണിഫോം ധരിച്ചായിരുന്നു ദിപേന്ദര്‍ ഗോയലിന്റെ യാത്ര. ശേഷം തിരിച്ചെത്തിയ അദ്ദേഹം താന്‍ നാല് ഓര്‍ഡറുകള്‍ ഡെലിവറി ചെയ്തുവെന്നും അതില്‍ കൊച്ചുമക്കള്‍ക്കൊപ്പം പുതുവത്സരം ആഘോഷിക്കുന്ന പ്രായമായ ദമ്പതികള്‍ ഉണ്ടെന്നും ട്വീറ്റ് ചെയ്തിരുന്നു.
സംഭവം വൈറലായതിന് പിന്നാലെ നിരവധിപേര്‍ അദ്ദേഹത്തെ അഭിനന്ദിച്ച് രംഗത്തെത്തുകയുണ്ടായി.