കർണാടകയിലെ വിജയപുരയിൽ ജനവാസമേഖലയിലൂടെ നടന്നുപോവുകയായിരുന്ന മൂന്ന് വയസുകാരനെ തെരുവുനായ്ക്കൾ ക്രൂരമായി ആക്രമിച്ച സംഭവം രാജ്യവ്യാപകമായി വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.
വീടിന് മുന്നിലെ തെരുവിൽ കൂട്ടുകാർക്കൊപ്പം കളിച്ചുകൊണ്ടിരിക്കുകയായിരുന്നു വിരാജ് സന്തോഷ് ബിരാദർ എന്ന കുട്ടി. പെട്ടെന്ന് പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾക്കിടയിൽ നിന്നും കുതിച്ചെത്തിയ രണ്ട് നായ്ക്കൾ കുട്ടികളെ പിന്തുടരുകയും, ഓട്ടത്തിനിടയിൽ നിലത്തുവീണ വിരാജിനെ ഒരു നായ കടിച്ചെടുത്ത് വലിച്ചിഴച്ച് കൊണ്ടുപോവുകയുമായിരുന്നു.
സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞ ഈ ഭയാനകമായ ദൃശ്യങ്ങൾ നഗരപ്രദേശങ്ങളിലെ സുരക്ഷയെക്കുറിച്ചുള്ള വലിയ ആശങ്കയാണ് ഉയർത്തുന്നത്. കുട്ടിയെ നായ കടിച്ചുകുടയുന്നത് കണ്ട് അതുവഴി വന്ന ഒരു കാർ യാത്രക്കാരൻ ഉടൻ തന്നെ വാഹനം നിർത്തി രക്ഷിക്കാൻ ഓടിയെത്തി.
കുഞ്ഞിന്റെ നിലവിളി കേട്ട് പരിസരവാസികളും വടിയും കല്ലുകളുമായി സംഘടിച്ചെത്തിയതോടെയാണ് ഏകദേശം 30 മീറ്ററോളം ദൂരം വലിച്ചിഴച്ച ശേഷം നായ കുട്ടിയെ ഉപേക്ഷിച്ചു ഓടിയത്.
നിലവിൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. കുട്ടിയുടെ പുറകിലും തുടയിലുമായി ആഴത്തിലുള്ള മുറിവുകളുണ്ട്.
ഈ ദാരുണ സംഭവം പ്രാദേശിക ഭരണകൂടത്തിനെതിരെ ജനരോഷം ഉയരാൻ കാരണമായിട്ടുണ്ട്. തെരുവുനായ്ക്കളുടെ എണ്ണം വർധിക്കുന്നതും അവ അക്രമാസക്തരാകുന്നതും തടയാൻ വന്ധ്യംകരണ പദ്ധതികളും കൃത്യമായ പ്രതിരോധ കുത്തിവയ്പ്പുകളും കാര്യക്ഷമമായി നടപ്പിലാക്കുന്നില്ല എന്നതാണ് പ്രധാന പരാതി.
തെരുവുളിൽ അലക്ഷ്യമായി തള്ളുന്ന മാലിന്യങ്ങൾ നായ്ക്കൾ ഒത്തുകൂടാൻ കാരണമാകുന്നുണ്ടെന്നും, നഗരവൽക്കരണത്തിന്റെ ഭാഗമായി മൃഗങ്ങളുടെ സ്വാഭാവിക ആവാസവ്യവസ്ഥ ഇല്ലാതാകുന്നതാണ് ഇത്തരം സംഘർഷങ്ങൾക്ക് പിന്നിലെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
അധികൃതരുടെ ഭാഗത്തുനിന്ന് അടിയന്തരമായ സുരക്ഷാ നടപടികൾ ഉണ്ടാകണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ് നാട്ടുകാർ.
Terrifying #StrayDogAttack in #Vijayapura #Karnataka
— Siraj Noorani (@sirajnoorani) May 6, 2026
A 3-year-old boy was brutally attacked and dragged by a stray dog in Raj Kumar Layout, Vijayapura, Karnataka. The shocking incident was captured on CCTV, causing widespread outrage among residents.#DogAttack #DogLover pic.twitter.com/g7iLtdkaeM
Tags : Karnataka Vijayapura KarnatakaNews IndiaNews Bijapur