ഗഞ്ചാം ജില്ലയിലെ ഖല്ലിക്കോട്ട് പൊലീസ് സ്റ്റേഷൻ പരിധിയിൽ പോലീസിനെ അമ്പരപ്പിച്ച് ജെസിബി ഡ്രൈവറുടെ സാഹസിക രക്ഷപ്പെടൽ. ഉടമയുമായുള്ള തർക്കത്തെത്തുടർന്ന് വാഹനവുമായി കടന്നുകളഞ്ഞ ഡ്രൈവറെ പിടികൂടാൻ ഒന്നിലധികം പോലീസ് സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥർ ചേർന്നാണ് അതിസാഹസികമായ ചേസിംഗ് നടത്തിയത്.
ഓഗസ്റ്റ് 15-നാണ് സംഭവങ്ങളുടെ തുടക്കം. ജെസിബി ഉടമ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ച പോലീസ് സംഘത്തെ കണ്ടതോടെ ഡ്രൈവർ വാഹനവുമായി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു.
ഖല്ലിക്കോട്ട്, രംഭ, പുരുഷോത്തംപൂർ, കബിസൂര്യനഗർ എന്നീ സ്റ്റേഷനുകളിലെ പോലീസ് സംഘങ്ങൾ ഏകോപിപ്പിച്ച് നടത്തിയ തിരച്ചിലിനിടെ പലയിടത്തും ബാരിക്കേഡുകൾ ഉയർത്തി വാഹനം തടയാൻ ശ്രമിച്ചെങ്കിലും, അവയെല്ലാം തകർത്തുകൊണ്ട് ഡ്രൈവർ അമിതവേഗതയിൽ മുന്നോട്ട് കുതിച്ചു.
പോലീസ് വാഹനങ്ങൾ തൊട്ടുപിന്നാലെ പിന്തുടർന്നതോടെ കബിസൂര്യനഗർ പരിധിയിലെ ഗുഡിയാലിക്ക് സമീപമുള്ള പാടത്ത് ജെസിബി ഉപേക്ഷിച്ച് ഡ്രൈവർ ഓടി രക്ഷപ്പെടുകയായിരുന്നു.
പോലീസ് വാഹനം കസ്റ്റഡിയിലെടുത്തെങ്കിലും ഒളിവിൽ പോയ പ്രതിക്കായി തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. ഒരു ജെസിബി ഉപയോഗിച്ച് നടത്തിയ ഈ സിനിമാറ്റിക് ചേസിങ്ങിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിക്കുന്നുണ്ട്.
Tags : OdishaNews Ganjam PoliceChase JCBChase OdishaPolice