കണ്ണീരണിഞ്ഞ ഒരു കുഞ്ഞിന്റെ മുഖത്ത് പുഞ്ചിരി വിടർത്താൻ പണവും പ്രതാപവുമല്ല, സ്നേഹം നിറഞ്ഞ നല്ല മനസ് മാത്രം മതിയെന്ന് തെളിയിച്ചിരിക്കുകയാണ് ബിഹാറിൽ നിന്നുള്ള രാജാ ബാബു എന്ന ചായക്കച്ചവടക്കാരൻ.
സഹജീവികളോടുള്ള കരുണയുടെയും സഹാനുഭൂതിയുടെയും സന്ദേശം പകർന്നുനൽകുന്ന ഇദ്ദേഹത്തിന്റെ ഒരു വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്.
ഉത്തർപ്രദേശിലെ ഗോരഖ്പൂരിൽ നിന്നും മടങ്ങുകയായിരുന്ന ട്രെയിനിലാണ് സഹയാത്രികരുടെയെല്ലാം മനംകവർന്ന ഈ അപൂർവ്വ നിമിഷം അരങ്ങേറിയത്.
കുഞ്ഞിന് മരുന്ന് വാങ്ങി തിരികെ യാത്ര ചെയ്യുകയായിരുന്ന അമ്മ, നിർത്താതെ കരയുന്ന കുട്ടിയെ ആശ്വസിപ്പിക്കാനാകാതെ വലിയ മാനസിക വിഷമത്തിലായിരുന്നു. യാത്രക്കാരുടെ കണ്ണുകൾ ഇവരിലേക്ക് നീളുന്നതിനിടയിലാണ് ട്രെയിനിൽ ചായ വിൽക്കുകയായിരുന്ന രാജാ ബാബു അങ്ങോട്ടേക്ക് എത്തിയത്.
സംഭവത്തിന്റെ ഗൗരവം മനസിലാക്കിയ ഇദ്ദേഹം ആദ്യം ആ അമ്മയ്ക്ക് ചൂടുചായ നൽകി ആശ്വസിപ്പിക്കാൻ ശ്രമിച്ചു. തുടർന്ന് തെല്ലും മടി കാണിക്കാതെ കുഞ്ഞിന്റെ ശ്രദ്ധ തിരിക്കുന്നതിനായി മുന്നിൽ നിന്ന് രസകരമായി നൃത്തം ചെയ്യാൻ തുടങ്ങി.
യുവാവിന്റെ സ്നേഹം നിറഞ്ഞ ഈ കുഞ്ഞു പ്രകടനം കണ്ടതോടെ നിമിഷങ്ങൾക്കകം കരച്ചിൽ നിർത്തിയ കുട്ടി സന്തോഷത്തോടെ പുഞ്ചിരിക്കാൻ തുടങ്ങുകയായിരുന്നു.
ബിഹാറിലെ പട്നയിലുള്ള മസൗരി സ്വദേശിയായ ഈ ചെറുപ്പക്കാരന്റെ പ്രവൃത്തി ട്രെയിനിലുണ്ടായിരുന്ന മറ്റു യാത്രക്കാർക്കും വലിയൊരനുഭവമായി മാറി.
സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്ന ഈ മനോഹര ദൃശ്യങ്ങൾക്ക് ചുരുങ്ങിയ സമയത്തിനകം തന്നെ ലക്ഷക്കണക്കിന് ആളുകളുടെ പിന്തുണയാണ് ലഭിച്ചത്.
മനുഷ്യത്വം വറ്റാത്ത ഇത്തരക്കാരാണ് സമൂഹത്തിന്റെ യഥാർഥ വെളിച്ചമെന്നും, മറ്റുള്ളവർക്ക് സന്തോഷം നൽകുന്നതിലും വലിയൊരു നന്മ വേറെയില്ലെന്നും വ്യക്തമാക്കിക്കൊണ്ട് നിരവധി ആളുകളാണ് രാജാ ബാബുവിനെ പ്രശംസിച്ച് രംഗത്തെത്തുന്നത്.
एक मां अपने बेटे को दवा करवाकर गोरखपुर से वापस लौट रही थी।
— Neeraj Chaurasiya (@NeerajC111) September 19, 2026
मां बहुत परेशान थी साथ में छोटा बच्चा भी रो रहा था तो बिहार के पटना जिले के मसौढ़ी के राजा बाबू उसी ट्रेन में चाय बेचकर जीवन यापन करतें हैं जब ये देखें मां और बेटे को तो पहले इन्होंने मां को चाय पिलाई और फिर इन्हें खुश… pic.twitter.com/Kjn7resqJX
Tags : RajaBabu FaithInHumanityRestored ActsOfKindness HeartwarmingMoments KindnessMatters