ഒരു വ്യക്തിയുടെ ആത്മാർഥമായ പരിശ്രമം എങ്ങനെ ഒരു വലിയ സാമൂഹിക മുന്നേറ്റമായി മാറാമെന്നതിന് ഉത്തമ ഉദാഹരണമാകുകയാണ് സുരേന്ദ്ര സിംഗ് ചൗധരി എന്ന ചെറുപ്പക്കാരൻ.
'ബിറ്റു തബാഹി' എന്ന പേരിൽ സോഷ്യൽ മീഡിയയിൽ സുപരിചിതനായ ഇദ്ദേഹം മധ്യപ്രദേശിലെ മലിനമായ അജ്നാർ നദി ഒറ്റയ്ക്ക് വൃത്തിയാക്കിക്കൊണ്ടാണ് ശുചിത്വ സന്ദേശ പ്രചാരണത്തിന് തുടക്കമിട്ടത്.
ഈ ഒറ്റയാൾ പോരാട്ടം പിന്നീട് ജനശ്രദ്ധ നേടുകയും ആഗോള പരിസ്ഥിതി സംഘടനയായ 'ദി ഓഷ്യൻ ക്ലീനപ്പിന്റെ' തലവൻ ബോയൻ സ്ലാറ്റിൽ നിന്ന് അഭിനന്ദനവും ഒന്നിച്ചു പ്രവർത്തിക്കാനുള്ള ക്ഷണവും തേടിയെത്താൻ കാരണമാവുകയും ചെയ്തു.
ഇപ്പോഴിതാ തന്റെ ശുചിത്വ പ്രചാരണം ഡൽഹിയിലെ യമുനാ നദീതീരത്തേക്കും വ്യാപിപ്പിച്ചിരിക്കുകയാണ് ഈ യുവാവ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സഞ്ചരിച്ച് പൊതുസ്ഥലങ്ങൾ വൃത്തിയായി സൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കുക എന്ന ദൗത്യത്തിന്റെ ഭാഗമായാണ് അദ്ദേഹം തലസ്ഥാനത്ത് എത്തിയത്.
ലോക ശുചീകരണ ദിനത്തോടനുബന്ധിച്ച് യമുനാ തീരത്ത് സംഘടിപ്പിച്ച ആദ്യ ദൗത്യത്തിൽ തന്നെ 585 കിലോഗ്രാം മാലിന്യമാണ് ഇദ്ദേഹവും സംഘവും ചേർന്ന് നീക്കം ചെയ്തത്. ഫിലിപ്പ് മോറിസിന്റെ സാമ്പത്തിക-സങ്കേതിക പിന്തുണയോടെയാണ് ഡൽഹിയിലെ ഈ മൂന്ന് ദിവസത്തെ ശുചീകരണ ഡ്രൈവ് സംഘടിപ്പിച്ചത്.
പ്ലാസ്റ്റിക് മാലിന്യങ്ങൾ, ഉപയോഗിച്ച പൂമാലകൾ, പൂജാ അവശിഷ്ടങ്ങൾ, ഉപേക്ഷിക്കപ്പെട്ട വിഗ്രഹങ്ങൾ എന്നിവയാൽ മലിനമായിരുന്ന നദീതീരം നാലര മണിക്കൂർ നീണ്ട കഠിനാധ്വാനത്തിലൂടെയാണ് പൂർണ്ണമായും പൂർവ്വസ്ഥിതിയിലാക്കിയത്.
പ്രദേശവാസികളും സന്നദ്ധപ്രവർത്തകരും വലിയ തോതിൽ ഈ ദൗത്യത്തിൽ പങ്കാളികളായി. യമുനാ തീരത്തെ വിജയകരമായ പ്രവർത്തനങ്ങൾക്ക് ശേഷം തന്റെ അടുത്ത ലക്ഷ്യസ്ഥാനം ഗുരുഗ്രാമിലെ ഖേർക്കി ദൗലയാണെന്ന് സുരേന്ദ്ര സിംഗ് വ്യക്തമാക്കി.
സോഷ്യൽ മീഡിയയിലൂടെ ഇദ്ദേഹം പങ്കുവെക്കുന്ന ശുചീകരണ വീഡിയോകൾക്ക് വൻ ജനപിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. നാളെയുടെ പരിസ്ഥിതിക്കായി ഇറങ്ങിത്തിരിച്ച ഈ യുവാവിന് ആശംസകളും അഭിനന്ദനങ്ങളുമായി ആയിരക്കണക്കിന് ആളുകളാണ് പ്രതികരിക്കുന്നത്.
Tags : BittuTabahi CleanYamuna WorldCleanupDay CleanIndia RiverRejuvenation