വീഡിയോയിൽ നിന്നുമുള്ള ചിത്രം
മലിനീകരണ ഭീഷണി രൂക്ഷമാകുന്നതിനിടെ യമുനാനദിക്കരയിൽ മാലിന്യം തള്ളാൻ ശ്രമിച്ച യുവാവിനെ രണ്ട് യുവതികൾ ചോദ്യം ചെയ്യുന്ന ദൃശ്യങ്ങൾ ഇന്റെർനെറ്റിൽ തരംഗമാകുന്നു. പ്രിയ കുമാരി എന്ന യുവതി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലാണ് സംഭവം. പ്ലാസ്റ്റിക്, ചാരം, മൺപാത്രങ്ങൾ, ചിരാതുകൾ തുടങ്ങിയവ നദിയിൽ നിക്ഷേപിക്കാനെത്തിയ യുവാവിനെയാണ് പ്രിയയും ഒപ്പമുണ്ടായിരുന്ന സുഹൃത്തും ചേർന്ന് തടഞ്ഞത്. ഇതിനോടകം തന്നെ മാലിന്യം കുന്നുകൂടിക്കിടക്കുന്ന പ്രദേശത്ത് വീണ്ടും അവശിഷ്ടങ്ങൾ തള്ളുന്നതിന്റെ പ്രത്യാഘാതങ്ങൾ അവർ യുവാവിനെ ബോധ്യപ്പെടുത്താൻ ശ്രമിച്ചു.
ഇവിടം ആകെ വൃത്തികേടായിക്കിടക്കുകയാണെന്നും എന്നിട്ടും വീണ്ടും മാലിന്യം വലിച്ചെറിയുന്നത് ശരിയല്ലെന്നും യുവതികളിലൊരാൾ ചോദിക്കുന്നുണ്ട്. പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ നദിയിലേക്ക് ചേരുന്നത് ജലമലിനീകരണം കൂടുതൽ വഷളാക്കുമെന്നും ആഘോഷങ്ങളുമായി ബന്ധപ്പെട്ട പൂജാവശിഷ്ടങ്ങൾ പ്ലാസ്റ്റിക്കിനൊപ്പം തള്ളുന്നത് ഒഴിവാക്കണമെന്നും അവർ ആവശ്യപ്പെട്ടു. പൊതുസ്ഥലങ്ങൾ സ്വയം മലിനമാക്കിയ ശേഷം അതിന്റെ പേരിൽ അധികാരികളെ പഴിക്കുന്ന പ്രവണതയെയും യുവതികൾ വിമർശിച്ചു. എന്നാൽ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടാനായി ദൃശ്യങ്ങൾ പകർത്തുകയാണെന്ന ആരോപണമാണ് യുവാവ് ഉന്നയിച്ചത്.
സംഭവം ചിത്രീകരിച്ച് പൊതുസമൂഹത്തിന് മുന്നിൽ എത്തിച്ചില്ലെങ്കിൽ ഇത്തരം നിയമലംഘനങ്ങൾ തുടർന്നുകൊണ്ടേയിരിക്കുമെന്നായിരുന്നു യുവതികളുടെ മറുപടി. തടയാൻ ശ്രമിച്ചതോടെ പ്രകോപിതനായ യുവാവ് സ്ഥലത്തുനിന്ന് മടങ്ങിപ്പോയതായി വീഡിയോയ്ക്കൊപ്പം നൽകിയ കുറിപ്പിൽ പറയുന്നു. ഒന്നരക്കോടിയിലധികം കാഴ്ചക്കാരെ നേടിയ ദൃശ്യങ്ങൾക്ക് താഴെ യുവതികളുടെ ഇടപെടലിനെ പിന്തുണച്ച് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. പൊതുയിടങ്ങളിലെ മാലിന്യനിക്ഷേപം തടയാൻ കർശന നിയന്ത്രണങ്ങൾ വേണമെന്നും പൗരബോധത്തിന്റെ അഭാവമാണ് ഇത്തരം കാഴ്ചകൾക്ക് കാരണമെന്നും പലരും അഭിപ്രായപ്പെടുന്നു.
Tags : StopPollution YamunaRiver SaveYamuna CivicSense CleanIndia WaterPollution