ആഗോളതലത്തിൽ വലിയ തരംഗമായിക്കൊണ്ടിരിക്കുന്ന 'ധുരന്ധർ 2' എന്ന സിനിമയെ ചുറ്റിപ്പറ്റിയുള്ള വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ നിറയുകയാണ്.
ആദിത്യ ധർ സംവിധാനം ചെയ്ത ഈ ആക്ഷൻ ത്രില്ലർ കാണാൻ ആരാധകർ തീയേറ്ററുകളിലേക്ക് ഒഴുകുമ്പോൾ, അതിനിടയിൽ സംഭവിക്കുന്ന രസകരമായ നിമിഷങ്ങളും വൈറലാകുന്നുണ്ട്.
രാത്രി വൈകിയുള്ള ഷോകള് ബുക്ക് ചെയ്ത് പുലർച്ചെ വീട്ടിലേക്ക് മടങ്ങാൻ പെടാപ്പാട് പെടുന്ന ഒരു യുവാവിന്റെ വീഡിയോയാണ് ഇതിൽ ഏറ്റവും ശ്രദ്ധേയമായത്.
സിനിമയോടുള്ള ആവേശം മൂത്ത് രാത്രി 11:55-ന്റെ ഷോ കണ്ടിറങ്ങിയ യുവാവ്, പുലർച്ചെ വീട്ടിലേക്ക് മടങ്ങാൻ വാഹനമൊന്നും കിട്ടാതെ വലയുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഒടുവിൽ ജോലിക്കായി നേരത്തെ ഇറങ്ങിയ ഒരു പാൽക്കാരൻ അങ്കിളിന്റെ ബൈക്കിൽ ലിഫ്റ്റ് ചോദിച്ച് ഇയാൾക്ക് യാത്ര ചെയ്യേണ്ടി വന്നു.
മഞ്ഞ തലപ്പാവു ധരിച്ച് ബൈക്കിന് പിന്നിലിരുന്ന് ഉറക്കം തൂങ്ങുന്ന ഇയാളുടെ അവസ്ഥ സിനിമ കണ്ടിറങ്ങിയ പലർക്കും റിലേറ്റബിൾ ആയി തോന്നി. വിജനമായ റോഡുകളിലൂടെ പാൽക്കാരന്റെ ബൈക്കിൽ പോകുന്ന ഇയാൾ, തനിക്ക് ലിഫ്റ്റ് നൽകിയ ആൾക്ക് നന്ദി പറഞ്ഞു കൊണ്ടാണ് വീഡിയോ പങ്കുവെച്ചത്.
ഈ രസകരമായ കാഴ്ച കണ്ട സോഷ്യൽ മീഡിയ ഉപയോക്താക്കൾ തമാശരൂപേണയുള്ള കമന്റുകളുമായി രംഗത്തെത്തി. തീയേറ്ററുകളിൽ പുലർച്ചെ രണ്ട് മണിക്കും മറ്റും സ്പെഷ്യൽ ഷോകൾ നടക്കുന്നത് സിനിമയുടെ വൻ വിജയത്തെയാണ് സൂചിപ്പിക്കുന്നത്.
ഏകദേശം നാല് മണിക്കൂറോളം ദൈർഘ്യമുള്ള ചിത്രം കണ്ടിറങ്ങുമ്പോൾ പുലർച്ചെയാകുന്നത് സ്വാഭാവികമാണെന്നും, വൻ തുക നൽകി ക്യാബ് വിളിക്കുന്നതിനേക്കാൾ ലാഭകരമായ യാത്രയാണിതെന്നുമാണ് ചിലരുടെ അഭിപ്രായം.
ഇതിനോടകം തന്നെ കോടികൾ ബോക്സ് ഓഫീസിൽ വാരിക്കൂട്ടിയ ഈ ചിത്രം, രൺവീർ സിംഗിന്റെ കരിയറിലെ ഏറ്റവും വലിയ വിജയമായി മാറിക്കഴിഞ്ഞു.
Tags : Dhurandhar2 RanveerSingh AdityaDhar Dhurandhar2Review BoxOfficeHit