പ്രതീകാത്മക ചിത്രം
പുറമെ നോക്കിയാൽ ഇന്നത്തെ കൗമാരം വളരെ സ്മാർട്ടാണ്. കൈയ്യിൽ സ്മാർട്ട് ഫോൺ, ഇൻസ്റ്റഗ്രാമിൽ ആയിരം ഫോളോവേഴ്സ്, സംസാരത്തിൽ ആത്മവിശ്വാസം. പക്ഷേ, ആ തിളക്കത്തിനുള്ളിൽ പലരും പറയാതെ പറയുന്ന ഒരു വാചകമുണ്ട് .എന്റെ മനസ് ആർക്കും മനസിലാകുന്നില്ല.മുൻ തലമുറ നേരിടാത്ത ചില പ്രതിസന്ധികളിലൂടെയാണ് ഇന്നത്തെ കൗമാരക്കാർ കടന്നുപോകുന്നത്.
താരതമ്യത്തിന്റെ കെണി
ഇൻസ്റ്റഗ്രാം തുറന്നാൽ മതി,ഒരാൾ ഐഫോൺ വാങ്ങിയ സന്തോഷത്തിലാണ്, മറ്റൊരാൾ യൂറോപ്പ് ട്രിപ്പിലാണ്. എല്ലാവരും സന്തോഷത്തിലാണെന്നും, താൻ മാത്രം പിന്നിലാണെന്നും തോന്നിപോകും. മറ്റുള്ളവരുടെ ഹൈലൈറ്റ്സുമായി സ്വന്തം ജീവിതത്തിന്റെ ബിഹൈൻഡ് ദി സീൻസ് താരതമ്യം ചെയ്യുന്നതാണ് ആദ്യത്തെ പ്രശ്നം. ഇത് ചെറിയ ആശങ്കയല്ല, വലിയ മാനസിക സമ്മർദ്ദമായി മാറുന്നു.
കേൾക്കാൻ ആരുമില്ലാത്ത അവസ്ഥ
എപ്പോഴും ഫോണിൽ തന്നെ, നിനക്കൊന്നും അറിയില്ല . വീട്ടിൽ നിന്ന് കേൾക്കുന്ന ഈ വാക്കുകൾക്കിടയിൽ പല കൗമാരകാരും ഉള്ളിലൊതുങ്ങും. പറയാൻ ഒരുപാട് ഉണ്ടെങ്കിലും കേൾക്കാൻ ഒരിടമില്ലാത്ത അവസ്ഥ. മനസ്തുറക്കാൻ ഒരു ചുമലില്ലാതെ അവർ ഒറ്റപെടുന്നു.
നാളെയെക്കുറിച്ചുള്ള ആധി
പ്ലസ് ടു കഴിഞ്ഞാൽ എന്ത്? ഏത് കോഴ്സ് എടുക്കണം? നാട്ടിൽ നിൽകണോ? വിദേശത്ത് പോകണോ? പതിനെട്ടാം വയസ്സിൽ നാൽപതിന്റെ ഭാരമാണ് പലരുടെയും ചിന്തയിൽ. ഭാവിയെകുറിച്ചുള്ള ഈ അമിത ചിന്ത വർത്തമാനത്തിന്റെ സന്തോഷം കവരുന്നു.
ഞാൻ ആരാണ് എന്ന ചോദ്യം?
എല്ലാവരെയും പോലെ ആകണോ, അതോ വ്യത്യസ്തനാകണോ? സ്വന്തം ഇഷ്ടങ്ങളെ എങ്ങനെ വീട്ടുകാരെ വേദനിപ്പിക്കാതെ പറയും? സ്വത്വം തേടിയുള്ള ഈ യാത്രയാണ് കൗമാരത്തെ ഏറ്റവും മനോഹരവും അതേസമയം സംഘർഷഭരിതവുമാക്കുന്നത്.
വെളിച്ചത്തിലേക്ക് ഒരു പരിഹാരം വലുതല്ല. ദിവസത്തിൽ കുറച്ചുസമയം ഫോൺ മാറ്റി വച്ച് കുടുംബത്തോടൊപ്പം ഇരിക്കുക.
മനസ്സിലുള്ളത് വിശ്വസ്തനായ ഒരു സുഹൃത്തിനോടോ, അധ്യാപകനോടോ, സഹോദരിയോടോ തുറന്നു പറയുക.ഓർക്കുക, നിങ്ങൾ പരാജയമല്ല, നിങ്ങൾ ഒരു യാത്രയിലാണ്. കൗമാരം ഒരു പ്രശ്നമല്ല, അത് ജീവിതം നിങ്ങൾക്ക് നൽകുന്ന ഏറ്റവും മനോഹരമായ ഒരു കാലഘട്ടമാണ്. അത് കടന്നുപോകും, പക്ഷേ ഈ ഘട്ടത്തിൽ എടുക്കുന്ന തീരുമാനങ്ങൾ നിങ്ങളെ ജീവിതകാലം മുഴുവൻ നയിക്കും.
Tags : Four youths happy