തൃശൂർ മെഡിക്കൽ കോളജിൽനിന്ന് ഡോ.ഷേർളി വാസു ഇന്നു പടിയിറങ്ങും
Monday, May 30, 2016 3:26 PM IST
തൃശൂർ: അവസരങ്ങൾ തുറന്നുകിട്ടിയാൽ ഒരു രംഗത്തും സ്ത്രീകൾ പിന്നിലല്ലെന്നു തെളിയിച്ച് 34 വർഷത്തെ ആതുരശുശ്രൂഷാരംഗത്തുനിന്നു ഡോ.ഷേർളി വാസു പടിയിറങ്ങുന്നു. തൃശൂർ മെഡിക്കൽ കോളജ് പ്രിൻസിപ്പൽ തസ്തികയിൽനിന്നുമാണ് ഈ ഇടുക്കി സ്വദേശി ഇന്നു വിരമിക്കുന്നത്.
കേരളം കണ്ട ഏറ്റവും പ്രഗല്ഭയായ ഫോറൻസിക് വിദഗ്ധരിൽ ഒരാളാണ് ഫോറൻസിക് വിഭാഗം മേധാവി കൂടിയായ ഡോ. ഷേർളി. എല്ലാ അർഹതകളും സീനിയോരിറ്റിയും ഉണ്ടായിട്ടും ഉയർന്ന തസ്തികകൾ നിഷേധിക്കപ്പെട്ടപ്പോൾ പൊതുചടങ്ങിൽവച്ച് മുഖ്യമന്ത്രി യോടും ആരോഗ്യമന്ത്രിയോടും അതു തുറന്നുപറയാൻ ഡോ. ഷേർളി വാസു ആർജവം കാട്ടിയതു ശ്രദ്ധിക്കപ്പെട്ടിരുന്നു.
1982ൽ കോഴിക്കോട് മെഡിക്കൽ കോളജിൽ ട്യൂട്ടറായി ജോലിയിൽ പ്രവേശിച്ചു. 84ൽ ഫോറൻസിക് മെഡിസിനിൽ എംഡി ബിരുദം നേടി. കോട്ടയം മെഡിക്കൽ കോളജിൽ അസി.പ്രഫസർ, അസോ.പ്രഫസർ പദവികൾ വഹിച്ചു.
1997–99ൽ പരിയാരം മെഡിക്കൽ കോളജിൽ ഡപ്യൂട്ടേഷനിൽ പ്രഫസറായി. അസോ.പ്രഫസറായി വീണ്ടും കോഴിക്കോട് മെഡിക്കൽ കോളജിലെത്തി. 2001 ജൂലൈയിൽ പ്രഫസറായി ഇവിടെ സേവനം അനുഷ്ഠിക്കുമ്പോഴാണ് ഒട്ടേറെ വിവാദ കേസുകൾക്കു തുമ്പുണ്ടാക്കാൻ സാധിച്ചത്.
2010ൽ തൃശൂർ മെഡിക്കൽ കോളജിലെത്തി. 2012 വരെ ഫോറൻസിക് വിഭാഗം മേധാവിയായി. 2014ൽ പ്രിൻസിപ്പലുമായി. ഡോ.കെ. ബാലകൃഷ്ണനാണ് ഭർത്താവ്. മക്കൾ: നന്ദന, നിതിൻ.