ജറൂസലം: ആധുനിക ഇസ്രയേലിന്റെ ജനനംമുതൽ നിർണായക പങ്കുവഹിച്ചിട്ടുള്ള മുൻ പ്രസിഡന്റ് ഷിമോൺ പെരെസ് (93) അന്തരിച്ചു. സമാധാനത്തിനുള്ള നൊബേൽ പുരസ്കാര ജേതാവാണ്. പ്രധാനമന്ത്രി, വിദേശകാര്യമന്ത്രി, ധനമന്ത്രി, പ്രതിരോധമന്ത്രി തുടങ്ങിയ പദവികളും വഹിച്ചിട്ടുണ്ട്.

ഇസ്രേലി രാഷ്ട്രീയത്തിൽ എന്നും വിവാദപുരുഷനായിരുന്നു പെരെസ്. സൈനികനാകാതിരുന്നതു രാഷ്ട്രീയ ഉയർച്ചയ്ക്കു വിഘാതമായെങ്കിലും എതിർപ്പുകൾ മറികടന്നു. സ്വന്ത ഉയർച്ചയ്ക്കായി ഒട്ടേറെ കുതന്ത്രങ്ങൾ പ്രയോഗിക്കുന്ന ആളെന്ന ദുഷ്പേരും സമ്പാദിച്ചു. എന്നാൽ, വാർധക്യകാലത്ത് പ്രസിഡന്റ് പദവിയിലേക്കുയർത്തപ്പെട്ട ശേഷം അദ്ദേഹത്തിന്റെ പ്രതിച്ഛായ മാറി. ഒരു മുതിർന്ന രാജ്യതന്ത്രജ്‌ഞനായി അദ്ദേഹം സ്വീകരിക്കപ്പെട്ടു. രാജ്യത്തും പുറത്തും അന്തസുറ്റ പെരുമാറ്റംകൊണ്ട് ആദരിക്കപ്പെട്ടു. 2007–14 കാലത്താണു പ്രസിഡന്റായിരുന്നത്.

പോളണ്ടിൽ ജനിച്ച് പതിനൊന്നാം വയസിൽ പലസ്തീനിൽ എത്തിയ പെരെസ് യൗവനത്തിൽ ഇസ്രേലി സ്‌ഥാപകനേതാവ് ബെൻ ഗൂറിയന്റെ സഹായികളിലൊരാളായി. സയണിസ്റ്റ് യുവജന പ്രസ്‌ഥാനത്തിന്റെ സ്‌ഥാപകരിലൊരാളാണ്. ഇസ്രയേൽ രാജ്യം രൂപംകൊണ്ടപ്പോൾ ഗവൺമെന്റിൽ ഓഫീസറായി. പ്രതിരോധ മന്ത്രാലയത്തിൽ ഡയറക്ടറായിരിക്കെ 1950കളിൽ ഫ്രാൻസുമായി സഹകരിച്ച് ഡിമോണയിൽ ഇസ്രയേലിന്റെ ആണവ ഗവേഷണകേന്ദ്രം തുടങ്ങി. പിൽക്കാലത്ത് ഇസ്രയേലിന്റെ അണുബോംബ് നിർമാണത്തിനു ചുക്കാൻ പിടിച്ചത് ഈ കേന്ദ്രമാണ്. 1956ലെ സൂയസ് യുദ്ധത്തിൽ ബ്രിട്ടനോടും ഫ്രാൻസിനോടും ചേർന്നു തന്ത്രം മെനഞ്ഞതു പെരെസ് ആണ്.

1959ൽ ഇസ്രേലി പാർലമെന്റംഗമായ അദ്ദേഹം രണ്ടുതവണ പ്രധാനമന്ത്രിയായി. വിദേശകാര്യമന്ത്രിയായിരിക്കെ അമേരിക്കയുടെ മധ്യസ്‌ഥതയിൽ ഓസ്ലോയിൽ നടന്ന രഹസ്യ ചർച്ചകളിൽ പലസ്തീൻ നേതാവ് യാസർ അരാഫത്തുമായി ഒത്തുതീർപ്പുണ്ടാക്കുന്നതിൽ നിർണായക പങ്കുവഹിച്ചു. 1993 സെപ്റ്റംബർ 13ന് വാഷിംഗ്ടണിൽവച്ചാണു കരാർ ഒപ്പിട്ടത്. ഈ ഓസ്ലോ ഉടമ്പടി അക്കൊല്ലം പെരെസിനും അരാഫത്തിനും അന്നത്തെ ഇസ്രേലി പ്രധാനമന്ത്രി യിസാക് റാബിനും സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം നേടിക്കൊടുത്തു. ഈ കരാറിനെ എതിർക്കുന്ന തീവ്ര ദേശീയവാദികളിലൊരാൾ രണ്ടുവർഷത്തിനകം റാബിനെ വെടിവച്ചുകൊന്നു.


ഇസ്രയേലിനൊപ്പം സ്വതന്ത്ര പലസ്തീൻ രാജ്യത്തിനുകൂടി നിലനിൽപ് ഉറപ്പാക്കുന്ന ഓസ്ലോ ഉടമ്പടി ശരിയായി നടപ്പാക്കാൻ തീവ്ര വലതുപക്ഷ ഗവൺമെന്റുകൾ പിൽക്കാലത്തു മടിച്ചു. ഇപ്പോഴത്തെ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവും കരാറിനെ അംഗീകരിക്കാത്തയാളാണ്. എന്നാൽ, രണ്ടു രാജ്യങ്ങൾ (ഇസ്രയേലും പലസ്തീനും) ഉണ്ടെങ്കിലേ ഇസ്രയേലിന്റെ അസ്തിത്വം ഭദ്രമാകൂ എന്ന നിലപാടിൽ പെരെസ് അന്ത്യംവരെ ഉറച്ചുനിന്നു. പലസ്തീൻ പ്രദേശങ്ങൾ ഇസ്രയേലിൽ നിലനിർത്തിയാൽ രാജ്യത്തെ യഹൂദ ഭൂരിപക്ഷം ഇല്ലാതാകുമെന്നും പെരെസ് മുന്നറിയിപ്പു നൽകിയിരുന്നു.

രാഷ്ട്രീയ ജീവിതത്തിന്റെ തുടക്കത്തിലെ തീവ്ര നിലപാടുകൾ മാറ്റി ദീർഘവീക്ഷണമുള്ള മിതവാദിയായി പെരെസ് മാറിയിരുന്നു. പലസ്തീനിലെ യഹൂദ കുടിയിരുത്തലുകളെ ആദ്യകാലത്ത് അനുകൂലിച്ച അദ്ദേഹം പിന്നീടു നിലപാടു മാറ്റി. ലേബർ പാർട്ടിയിലൂടെ രാഷ്ട്രീയത്തിൽ വളർന്ന അദ്ദേഹം പിന്നിടു പാർട്ടിവിട്ട് പഴയ എതിരാളിയായ ഏരിയൽ ഷാരോണിന്റെകൂടെ കദീമ പാർട്ടി ഉണ്ടാക്കി. രണ്ടാഴ്ച മുമ്പുണ്ടായ മസ്തിഷ്കാഘാതത്തെത്തുടർന്ന് ആശുപത്രിയിൽ അബോധാവസ്‌ഥയിലായിരുന്നു പെരെസ്.