പാലക്കാട്ട് പിതാവിനെ മകൻ മർദിച്ച് കൊലപ്പെടുത്തി
Thursday, August 21, 2025 8:45 PM IST
പാലക്കാട്: നല്ലേപ്പിള്ളിയിൽ പിതാവിനെ മകൻ മർദിച്ച് കൊലപ്പെടുത്തി. നല്ലേപ്പിള്ളി സ്വദേശി രാമൻകുട്ടിയെ (58) മകൻ ആദർശാണ് കൊലപ്പെടുത്തിയത്.
പിതാവിന് മദ്യം നൽകിയ ശേഷം ആക്രമിക്കുകയായിരുന്നുവെന്നാണ് സംശയം. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു എന്നാണ് പോലീസ് അറിയിച്ചത്.
ബുധനാഴ്ച രാത്രിയിലാണ് രാമൻകുട്ടിയെ വീടിന് മുന്നിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ശരീരത്തിൽ പരിക്കുകൾ ഉണ്ടായിരുന്നു. ബന്ധുക്കളാണ് പോലീസിനെ വിവരമറിയിച്ചത്. വിശദമായ പരിശോധനയിൽ മർദനമേറ്റാണ് മരിച്ചതെന്നും പിന്നിൽ മകൻ ആദർശാണെന്നും പോലീസ് കണ്ടെത്തി.
55 ദിവസം മുമ്പ് അമ്മ മരിച്ചതോടെ ആദർശും രാമൻകുട്ടിയും മാത്രമായിരുന്നു വീട്ടിൽ താമസം.ആരോഗ്യ പ്രശ്നങ്ങൾ ഉള്ളയാളാണ് രാമൻകുട്ടി. ലഹരി ഉപയോഗിക്കുന്നയാളാണ് ആദർശ്.
കൃത്യം നടത്തിയ സമയത്തും ആദർശ് ലഹരിയിലായിരുന്നു. കൊഴിഞ്ഞാമ്പാറ പോലീസ് പ്രതിയെ വിശദമായി ചോദ്യം ചെയ്തു വരികയാണ്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.