ബ്ലാങ്ക് ചെക്കുകൾ ഈടായി വാങ്ങി അമിത പലിശയ്ക്ക് പണം വായ്പ നൽകിയ കേസ്; പ്രതി അറസ്റ്റിൽ
Thursday, August 21, 2025 9:20 PM IST
തൃശൂർ: കയ്പമംഗലത്ത് ബ്ലാങ്ക് ചെക്കുകൾ ഈടായി വാങ്ങി അമിത പലിശയ്ക്ക് പണം വായ്പയായി നൽകിയ കേസിലെ പ്രതി അറസ്റ്റിൽ. കയ്പമംഗലം ബീച്ച് സ്വദേശി കാരയിൽ വീട്ടിൽ സുമൻ (47) ആണ് അറസ്റ്റിലായത്.
ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ വിവിധ വ്യക്തികൾ ഒപ്പിട്ട ബ്ലാങ്ക് ചെക്കുകൾ ഇയാളുടെ വീട്ടിൽ നിന്ന് കണ്ടെടുത്തു. തുടർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. കേരള മണി ലെന്റേഴ്സ് ആക്ട് പ്രകാരമാണ് കേസെടുത്തത്. നടപടിക്രമങ്ങൾക്കുശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.