എക്സൈസ് ഓഫീസര്‍ ചമഞ്ഞ് പണം തട്ടിയ യുവാവ് അറസ്റ്റിൽ
Thursday, August 21, 2025 9:49 PM IST
തൃശൂര്‍: എക്സൈസ് ഓഫീസര്‍ ചമഞ്ഞ് പണം തട്ടിയ യുവാവിനെ അറസ്റ്റ് ചെയ്തു. കോട്ടയം വൈക്കം സ്വദേശി ഇരുമുട്ടിത്തറ വീട്ടില്‍ ഷിജിലാലിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാറിന്റെ നേതൃത്വത്തില്‍ എറണാകുളത്തുനിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. മൊബൈല്‍ ഫോണ്‍ വാങ്ങി നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് 33,000 രൂപ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്.
കൊടുങ്ങല്ലൂര്‍ കീത്തോളിയിലുള്ള എക്സൈസ് ഓഫിസിലെ എക്സൈസ് ഓഫീസറാണെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ് നടത്തിയത്.തിരുത്തിപ്പുറം സ്വദേശിനിയായ പരാതിക്കാരി കീത്തോളിയില്‍ കഞ്ഞിക്കട നടത്തുകയാണ്. ഷിജിലാല്‍ പരാതിക്കാരിയുടെ കഞ്ഞിക്കടയില്‍ വന്ന് ഭക്ഷണം വാങ്ങിക്കൊണ്ട് പോവുകയും എക്സൈസ് ഓഫീസറാണെന്ന് പറഞ്ഞ് പരിചയപ്പെടുകയും ചെയ്തിരുന്നു.
കടയിലെ ആവശ്യത്തിനായി പഴയ ഒരു ഫോണ്‍ വാങ്ങുന്ന കാര്യം ഷിജിലാലിനോട് പറഞ്ഞപ്പോള്‍ സഹോദരന് എറണാംകുളത്ത് മൊബൈല്‍ ഷോപ്പ് ഉണ്ടെന്നും അവിടെനിന്ന് തവണ വ്യവസ്ഥയില്‍ പണം അടക്കുന്ന രീതിയില്‍ ഫോണ്‍ വാങ്ങി നല്‍കാമെന്നും പറഞ്ഞ് വിശ്വസിപ്പിച്ചു.
തുടര്‍ന്ന് പരാതിക്കാരിയില്‍നിന്ന് ഓഗസ്റ്റ് 14ന് ആദ്യ തവണയായ 2000 രൂപ വാങ്ങിക്കൊണ്ട് പോയി. ഓഗസ്റ്റ് 16ന് രാവിലെ വീണ്ടും കഞ്ഞിക്കടയില്‍ വന്ന് ഫോണ്‍ വൈകീട്ട് എത്തിക്കാമെന്നും അത്യാവശ്യമായി 1000 രൂപ നല്കുവാനും ഷിജിലാല്‍ ആവശ്യപ്പെട്ടു.
കടയില്‍ തിരക്ക് ഉള്ളതിനാലും അപ്പോള്‍ കൈ വശം 1000 രൂപ ഇല്ലാത്തതിനാലും ഷിജിലാലിനെ വിശ്വസിച്ച് പരാതിക്കാരി എടിഎം കാര്‍ഡ് കൈമാറുകയായിരുന്നു. തുടര്‍ന്ന് 1200 രൂപ എടുത്തിട്ടുണ്ടെന്ന് പറഞ്ഞ് പരാതിക്കാരിക്ക് എടിഎം കാര്‍ഡ് തിരികെ നല്കി.
വൈകുന്നേരം മൂന്നോടെ ഷിജിലാല്‍ വീണ്ടും പരാതിക്കാരിയുടെ അടുത്തേക്ക് വന്ന് പരാതിക്കാരിയുടെ അക്കൗണ്ടിലേക്ക് 2000 രൂപ അയച്ചിട്ടുണ്ടെന്നും അത് എടുത്ത് നല്കിയാല് രാവിലെ വാങ്ങിയ പണം തിരികെ നല്‍കാമെന്നും പറഞ്ഞു. പരാതിക്കാരി അത്യാവശ്യമായി കൊടുങ്ങല്ലൂരിലേക്ക് പോവാന്‍ നില്ക്കുകയായിരുന്നതിനാല് വീണ്ടും എടിഎം കാര്‍ഡ് ഷിജിലാലിന് കൈമാറിയ ശേഷം കൊടുങ്ങല്ലൂരിലേക്ക് പോയി.
ഷിജിലാലിന്റെ പ്രവര്‍ത്തിയില്‍ സംശയം തോന്നിയ പരാതിക്കാരി മകനെ വിളിച്ച് ഗൂഗില്‍ പേയില്‍ ബാലന്‍സ് നോക്കാന്‍ പറഞ്ഞപ്പോഴാണ് 31000 രൂപ നഷ്ടപ്പെട്ടതായി അറിഞ്ഞത്. തുടര്‍ന്ന് പ്രതിയെ വിളിച്ചപ്പോള്‍ രാത്രി ഒമ്പതിന് പണം തിരികെ നല്‍കാമെന്ന് പറയുകയും, തുടര്‍ന്ന് ഒമ്പതിന് വിളിച്ചപ്പോള്‍ പ്രതിയുടെ ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. തുടര്‍ന്നാണ് കൊടുങ്ങല്ലൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.