മത്സ്യകൃഷിയിൽ ബെന്നിയുടെ പുനഃചംക്രമണ പാഠങ്ങൾ
മത്സ്യകൃഷിയിൽ ബെന്നിയുടെ പുനഃചംക്രമണ പാഠങ്ങൾ
Thursday, October 26, 2017 3:01 AM IST
കാർഷിക മേഖലയിൽ പുനഃചംക്രമണ മത്സ്യകൃഷിയിലൂടെ പുതുവഴിതേടുകയാണ് വയനാട്, പുൽപള്ളി കാപ്പിസെറ്റിലെ ചിറ്റേത്ത് ബെന്നിയും കുടുംബവും. കാർഷികവൃത്തി ഇഷ്ടപ്പെടുന്ന കർഷകർക്ക് ഒരുപോലെ അദ്ഭുതമാവുകയാണ് ബെന്നിയുടെ നൂതന കൃഷിരീതി. വീടിനോടുചേർന്ന അഞ്ചുസെന്‍റ് സ്ഥലത്ത് മത്സ്യകൃഷിയും പച്ചക്കറിക്കൃഷിയും ഒരുപോലെ കൊണ്ടുപോകുന്ന രീതിയാണ് ബെന്നിയുടേത.് ഉൾനാടൻ മത്സ്യകൃഷിയുടെ ഭാഗമായി നൂതന മത്സ്യകൃഷിയാണ് ബെന്നി ചെയ്യുന്നത്. സംസ്ഥാന മത്സ്യവകുപ്പ് ജില്ലയിൽ തെരഞ്ഞെടുത്ത അഞ്ചുപേരിൽ ഒരാളാണ് ബെന്നി. ഒരു സെന്‍റ് സ്ഥലത്ത് 80 മുതൽ 120 വരെ മത്സ്യക്കുഞ്ഞുങ്ങളെയാണ് സാധാരണമത്സ്യകൃഷിയിൽ നിക്ഷേപിക്കാറുള്ളതെങ്കിലും പുനഃചംക്രമണ മത്സ്യകൃഷിയിൽ 4000 വരെ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കാമെന്നതാണ് പ്രത്യേകത. ഒരു സെന്‍റ് സിൽപ്പോളിൻ കുളത്തിൽ 4000 മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചാൽ മത്സ്യങ്ങളുടെ അവശിഷ്ടങ്ങൾ അടിഞ്ഞുകൂടി അമോണിയ ഉണ്ടാകുന്നത് തടയാൻ 24 മണിക്കൂറും വെള്ളം ഫിൽട്ടർ ചെയ്യുന്ന രീതിയാണ് സ്വീകരിക്കുന്നത്. ഒന്നാം ടാങ്കിൽ വെള്ളംകയറ്റി അത് ഫിൽട്ടർ ചെയ്ത് രണ്ടാം ടാങ്കിലേക്ക് കടത്തിവിടുന്നു. പിന്നീട് ആ ടാങ്കിൽ നിന്ന് മെറ്റൽ മാത്രം നിറച്ച പച്ചക്കറി ബെഡിലേക്ക് വെള്ളം പന്പ് ചെയ്യുകയുമാണ് ചെയ്യുന്നത്. ഈ വെള്ളം വീണ്ടും മത്സ്യക്കുളത്തിലേക്ക് പതിക്കുന്ന രീതിയിലാണ് കൃഷി സജ്ജമാക്കിയിരിക്കുന്നത്. ഒരു മീറ്റർ വീതിയിലും ഒന്നര അടി ഉയരത്തിലും 10 മീറ്റർ നീളത്തിലുമുള്ള പച്ചക്കറി ബെഡാണ് ഇവിടെ സജ്ജീകരിച്ചിട്ടുള്ളത്.

ഈ പച്ചക്കറി ബെഡിൽ മണ്ണ് ഇടാതെ മെറ്റലിൽ ഉറപ്പിച്ച് നിർത്തിയ, വേരുകൾ വെള്ളത്തിൽ പതിക്കുന്ന രീതിയിലാണ് ചെടി നടുന്നത്. പച്ചമുളക്, തക്കാളി, കാന്താരി, പുതിന, സ്ട്രോബെറി, വഴുതന, പയർ, ചീര എന്നി ങ്ങനെയുള്ള പച്ചക്കറികളാണ് ഇവിടെ കൃഷിചെയ്യുന്നത്. മണ്ണിൽ വിളയുന്നതിന്‍റെ ഇരട്ടിയോളം വിളവു കിട്ടുമെന്നതാണ് ഈ കൃഷിരീതിയുടെ ഏറ്റവും വലിയ പ്രത്യേകത.

മത്സ്യകേരളം പദ്ധതിയുടെ പുൽപ്പള്ളി പഞ്ചായത്തിലെ കോ ഓർഡിനേറ്ററായി എട്ടുവർ ഷം പ്രവർത്തിച്ചുള്ള പരിചയവും കൃഷി എളുപ്പമാക്കാൻ സഹായി ച്ചു. 10 വർഷമായി മത്സ്യകൃഷിയിൽ സജീവമാണ് ഈ കർഷകൻ.

ഇതിനുപുറമെ മത്സ്യകൃഷിരീതി മറ്റു കർഷകർക്ക് പറഞ്ഞു കൊടുക്കാനും മറ്റു മത്സ്യകർഷകരുടെ വീടുകളിലെത്തി പരിശീലനം നൽകാനും ഇദ്ദേഹം ശ്രദ്ധവയ്ക്കുന്നു. പുൽപ്പള്ളി പഞ്ചായത്തിൽ ആദ്യകാലത്ത് 75 മത്സ്യകർഷകരാണ് ഉണ്ടായിരുന്നത്. എന്നാൽ ബെന്നി കോ-ഒർഡിനേറ്റർ ആയതോടെ 350ഓളം കർഷർ മത്സ്യകൃഷിയിലേക്കു തിരിഞ്ഞു.

പുനഃചംക്രമണമത്സ്യകൃഷി ചെയ്യുന്ന കർഷകർക്ക് മത്സ്യവകുപ്പിൽ നിന്നും 4,70,000 രൂപയാണ് ലഭിക്കുന്നത്. ഇതിൽ 2,35,000 രൂപ സബ്സിഡി ലഭിക്കും. കൃഷിയിടത്തിലെ വയലിലെ എട്ടു സെ ന്‍റുള്ള കുളത്തിലും മത്സ്യകൃഷി നടത്തുന്നുണ്ട് ബെന്നി. കട്ല, രോഹു, ഗ്രാസ്കാർപ്പ്, സൈ പ്രിനസ് തുടങ്ങിയ മത്സ്യങ്ങളാണ് കൃഷിചെയ്യുന്നത്.


വർഷത്തിൽ രണ്ടു വിളവെടുപ്പാണ് നടത്തുന്നത്. മത്സ്യവകുപ്പിൽ നിന്നു ലഭിക്കുന്ന മത്സ്യങ്ങൾക്കു പുറമെ ബീച്ചനഹള്ളി ഹാച്ചറിയൽ നിന്നുമാണ് മത്സ്യക്കുഞ്ഞുങ്ങളെ വാങ്ങുന്നത്. ഓരോ വിളവെടുപ്പിനും കാലാവസ്ഥ അനുയോജ്യമായാൽ 40,000 രൂപ വരെ മത്സ്യങ്ങൾക്കു ലഭിക്കും. ഇതിനു പുറമെ തൃശൂർ, അഴീക്കോട് ഹാച്ചറിയിൽ നിന്നും വാങ്ങി ആറ്റുകൊഞ്ച് കൃഷിയും ബെന്നി ചെയ്തുവരുന്നു.

ഒരു സെന്‍റിൽ 200 എണ്ണമെന്ന കണക്കിൽ 1600 ഓളം കൊഞ്ചുകളെയാണ് വളർത്തുന്നത്. എട്ടു മാസം കൊണ്ട് 150 മുതൽ 200 ഗ്രാം വരെ തൂക്കമുള്ള ആറ്റുകൊഞ്ച് ലഭിക്കുന്നു. കിലോയ്ക്ക് മാർക്കറ്റിൽ 400 രൂപ വരെ ലഭിക്കും. ഇതിനുപുറമെ അലങ്കാരമത്സ്യകൃഷിയും നടത്തുന്നു.

ഗ്രാസ്കാർപ്പി ന്‍റെ കുഞ്ഞുങ്ങളെ ആവശ്യക്കാർക്ക് നൽകുന്നു. എട്ടു മാസത്തേക്ക് പുനഃചംക്രമണമത്സ്യകൃഷിക്ക് 24 മണിക്കൂറും ഫിൽട്ടറിംഗ് നടക്കുന്നതിനാൽ വൈദ്യുതിചാർജ് 30,000 രൂപയോളവും മത്സ്യങ്ങൾക്ക് തീറ്റച്ചെലവ് 60,000 രൂപയും വരുന്നു. മറ്റു പണികൾ സ്വന്തമായി ചെയ്യുന്നതിനാൽ കൃഷി ലാഭകരമാണെന്നാണ് ബെന്നിയുടെ അഭിപ്രായം.

പുനഃചംക്രമണ മത്സ്യക്കൃഷിയിൽ ഗിഫ്റ്റ് തിലാപ്പിയയാണ് കൃഷി ചെയ്യുന്നത്. ആറു മുതൽ എട്ടു മാസം വരെയാണ് ഈ മത്സ്യത്തിന്‍റെ ശരാശരി വളർച്ചാകാലം. നാലു മാസം പിന്നിടുന്പോൾ മത്സ്യങ്ങൾ ഓരോന്നും 200 ഗ്രാം വരെ വളർന്നു കഴിയും. 400 ഗ്രാം വരെയാണ് വളർച്ച.

പ്രോട്ടീൻ കൂടുതലുള്ള ഈ മീനിന്‍റെ ശരാശരി വില കിലോ യ്ക്ക് 250 രൂപ മുതൽ 300 രൂപ വരെയാണ്.
പെല്ലറ്റ് തീറ്റമാത്രമാണ് നൽകുന്നത്. ഒരു കിലോയ്ക്ക് 58 രൂപ വരെയാണ് തീറ്റവില.

നാലു സെന്‍റിൽ പച്ചക്കറികൃഷിയും ഒരു സെന്‍റിൽ മത്സ്യകൃഷിയുമാണ് പുനഃചംക്രമണ മത്സ്യകൃഷിയിൽ ബെന്നി ഉൾപ്പെടുത്തിയിട്ടുള്ളത്.

കുളവും ടാങ്കുകളും പച്ചക്കറി ബെഡുകളുമെല്ലാം ബെന്നിയും കുടുംബാംഗങ്ങളും തന്നെയാണ് തയാറാക്കിയത്. നല്ല രീതിയിൽ പരിപാലിച്ച് സംരക്ഷിച്ചാൽ മത്സ്യകൃഷിയിൽ വൻനേട്ടം കൊയ്യാൻ കഴിയുമെന്നാണ് കർഷകൻ പറയുന്നത്.

ബെന്നിയോടൊപ്പം അച്ഛൻ സ്കറിയ, അമ്മ ശോശമ്മ, ഭാര്യ സിനി ബെന്നി, മക്കൾ, ബെൻസി, ബെനോ എന്നിവരുടെ കൂട്ടായ പരിശ്രമം മൂലമാണ് മത്സ്യകൃഷിയിൽ നേട്ടം കൊയ്യാൻ കഴിഞ്ഞതെന്നും ബെന്നി പറഞ്ഞു.

സ്വന്തമായി പരിപാലിച്ചാൽ മറ്റ് കൃഷികളെക്കാളും ലാഭമുണ്ടാക്കാൻ കഴിയുമെന്നും ബെന്നി പറയുന്നു. ഇതിനു പുറമെ നാലേക്കർ സ്ഥലമുള്ള ഈ കർഷകൻ തന്‍റെ കൃഷിയിടത്തിൽ പൂർണമായും ജൈവരീതിയിലുള്ള കൃഷിരീതിയാണ് അവലംബിക്കുന്നത്. കൂടുൽ വിവരങ്ങൾക്ക് : 9048604595

കെ.ജെ. ജോബി
പുൽപ്പള്ളി, വയനാട്