ഉൗട്ടുമേശാ വിപ്ലവം
Monday, March 13, 2017 9:18 PM IST
’ഉൗട്ടുമേശ’ സ്നേഹത്തിന്‍റെയും സൗഹൃദത്തിന്‍റെയും സമഭാവനയുടെയും പങ്കുവയ്ക്കലിന്‍റെയും പ്രതീകമാണ്. സമൂഹത്തിലെ നാനാതുറയിൽപ്പെട്ടവരുമൊത്ത് ഉൗട്ടുമേശയ്ക്കിരിക്കുന്ന യേശുവിന്‍റെ ചിത്രം ലൂക്കായുടെ സുവിശേഷം മിഴിവാർന്ന് അവതരിപ്പിക്കുന്നുണ്ട്. പ്രത്യേകിച്ച് പാർശ്വവത്കരിക്കപ്പെട്ടവരും പുറന്തള്ളപ്പെട്ടവരുമായ പാപികളും ചുങ്കക്കാരുമൊത്താണ് യേശു മിക്കപ്പോഴും പന്തിഭോജനം നടത്തിയത്. പാപികളും ചുങ്കക്കാരും എന്ന ശൈലിപ്രയോഗം സമൂഹത്തിലെ അടിച്ചമർത്തപ്പെട്ടവരും അധഃസ്ഥിതരുമായ സകലരെയും സൂചിപ്പിക്കുന്നതാണ്. യേശുവിന്‍റെ എതിരാളികളായി പലപ്പോഴും പ്രത്യക്ഷപ്പെടുന്ന പ്രീശരുടെ വീടുകളിലും അവിടുന്ന് സദ്യയുണ്ണാൻ പോകുന്നുണ്ട്. സകലരെയും പ്രത്യേകിച്ച് ദുർബലവിഭാഗങ്ങളെ, തന്‍റെ ഹൃദയത്തോടു ചേർത്തുനിർത്താൻ യേശു സ്വീകരിച്ച പ്രതീകാത്മക പ്രവൃത്തിയായിരുന്നു ഉൗട്ടുമേശാ പ്രസ്ഥാനം. ഗ്രീക്ക് തത്ത്വചിന്തക·ാർ ഉൗട്ടുമേശയ്ക്കിരിക്കാൻ ക്ഷണിക്കപ്പെടുന്നതും മേശയിൽവച്ച് തത്ത്വചിന്താപരമായ എന്തെങ്കിലും വിഷയത്തെപ്പറ്റി ചർച്ച നടത്തുന്നതും യവന-റോമൻ സംസ്കാരങ്ങളിൽ നിലവിലിരുന്ന സന്പ്രദായമായിരുന്നു. തത്ത്വചിന്താപരമായ സിന്പോസിയം എന്നാണ് ഇത് അറിയപ്പെട്ടിരുന്നത്. ഉൗട്ടുമേശയ്ക്കിരിക്കുന്ന യേശു, വലിയ ദാർശനികനെപ്പോലെ നിത്യസത്യങ്ങൾ പ്രബോധനങ്ങളിലൂടെയും ഉപമകളിലൂടെയും പഠിപ്പിക്കുന്നു. ഉൗട്ടുമേശയും വിരുന്നും ദൈവരാജ്യാഗമനത്തിന്‍റെ പ്രതീകമായി സുവിശേഷത്തിൽ ചിത്രീകരിച്ചിരിക്കുന്നു.
ലൂക്കായുടെ സുവിശേഷത്തിൽ യേശു പങ്കെടുക്കുന്ന പതിനൊന്ന് ഉൗട്ടുമേശകളെപ്പറ്റി പരാമർശമുണ്ട്. യേശു ചുങ്കക്കാരനായ ലേവിയെ തന്‍റെ ശിഷ്യനായി തെരഞ്ഞെടുത്തു. ലേവി തന്‍റെ വീട്ടിൽ യേശുവിനുവേണ്ടി വലിയ സദ്യയൊരുക്കി. ചുങ്കക്കാരും പാപികളും ലേവിയോടൊപ്പം സദ്യയിൽ പങ്കുകൊണ്ടു (ലൂക്ക 5:27-32). സമൂഹത്തിന്‍റെ പിന്നാന്പുറങ്ങളിൽ തള്ളപ്പെട്ടിരുന്ന ജനവിഭാഗമാണ് പാപികൾ. ചുങ്കക്കാരാകട്ടെ, റോമൻ ഭരണകൂടവുമായി ചേർന്ന് ചുങ്കം പിരിച്ചിരുന്നതിനാൽ സമൂഹത്തിൽ വെറുക്കപ്പെട്ടവരായിരുന്നു. തള്ളപ്പെട്ടവരോടും വെറുക്കപ്പെട്ടവരോടും അധഃസ്ഥിതരോടും അടിമകളോടും ഒന്നിച്ചിരുന്ന് സദ്യയുണ്ണാൻ തയാറായതിലൂടെ മാനവസമത്വത്തിന്‍റെ മഹാസന്ദേശമാണ് യേശു വിളംബരം ചെയ്തത്. തട്ടുതട്ടായി മനുഷ്യരെ തരംതിരിക്കുന്ന പിരമിഡ് ആകൃതിയിലുള്ള സാമൂഹ്യഘടന കീഴ്മേൽ മറിച്ച്, എല്ലാവരെയും തുല്യരായി കാണുന്ന വൃത്താകാരത്തിലുള്ള പുതിയ സാമൂഹിക ഘടനയ്ക്ക് അവിടുന്ന് തുടക്കം കുറിക്കുകയായിരുന്നു.
കരുണയുടെയും പാപപ്പൊറുതിയുടെയും സന്ദേശമാണ് പ്രീശനായ ശിമയോന്‍റെ വീട്ടിൽ ഉൗട്ടുമേശയിൽ യേശു പഠിപ്പിച്ചത് (ലൂക്ക 7:36-50). അഞ്ചപ്പംകൊണ്ട് അയ്യായിരം പേരെ പോറ്റിയ വിരുന്നിലൂടെ പങ്കുവയ്ക്കലിന്‍റെയും കൂട്ടായ്മയുടെയും പാഠം അവിടുന്ന് പഠിപ്പിച്ചു (ലൂക്കാ 9:10-17). മർത്തായുടെയും മറിയത്തിന്‍റെയും വീട്ടിലെ വിരുന്നിന്‍റെ സന്ദർഭത്തിൽ നല്ലഭാഗം തെരഞ്ഞെടുക്കുന്ന ശിഷ്യരാകണമെന്ന സന്ദേശമാണ് നൽകുന്നത് (ലൂക്കാ 10: 38-42). ഉത്കണ്ഠ വെടിഞ്ഞ് ദൈവവചനം കേൾക്കാൻ ഒൗത്സുക്യം കാണിക്കുന്നവരാണ് ’നല്ലഭാഗം’ തെരഞ്ഞെടുക്കുന്നത്. പ്രീശന്‍റെ വീട്ടിൽവച്ചു നടന്ന മറ്റൊരു ഉൗട്ടുമേശയിൽവച്ച് ആന്തരികശുദ്ധിയുടെ പാഠം അവിടുന്ന് പഠിപ്പിക്കുന്നു (ലൂക്ക 11: 37-54).
പ്രീശന്‍റെ വീട്ടിൽ നടക്കുന്ന മറ്റൊരു ഉൗട്ടുമേശയുടെ പശ്ചാത്തലത്തിൽ എളിമ, പാവങ്ങളോടുള്ള കരുണ, ദൈവത്തിന്‍റെ വിളിയോടുള്ള തുറവി മുതലായ കാര്യങ്ങൾ യേശു പഠിപ്പിക്കുന്നു (ലൂക്ക 14: 7-23). ചുങ്കക്കാരും പാപികളുമൊത്ത് പന്തിഭോജനത്തിനിരുന്ന യേശുവിനെ പ്രീശരും നിയമജ്ഞരും വിമർശിച്ചു. തദവസരത്തിലാണ് യേശു കാണാതെപോയ ആടിന്‍റെയും നാണയത്തിന്‍റെയും ധൂർത്തപുത്രന്‍റെയും ഉപമകൾ
അരുൾചെയ്യുന്നത് (ലൂക്ക 15: 1-32). പാപിയെ തേടുന്നവനും പാപിയുടെ തിരിച്ചുവരവ് കാത്തിരിക്കുന്നവനും പാപിയെ അനന്തമായി സ്നേഹിക്കുന്നവനുമായ ദൈവത്തിന്‍റെ മുഖമാണ് ഈ ഉപമകൾ ചിത്രീകരിക്കുന്നത്. യേശു സക്കേവൂസിന്‍റെ വീട്ടിൽ വിരുന്നുണ്ടതിലൂടെ സക്കേവൂസിനും കുടുംബത്തിനും രക്ഷ കിട്ടി (ലൂക്ക 19: 1-10). സന്പത്ത് പങ്കുവച്ച് പാവപ്പെട്ടവരെ തുണയ്ക്കണമെന്ന ആത്മീയ വീക്ഷണം അപ്പോഴാണ് സക്കേവൂസിന് ലഭിച്ചത്. യേശുവിന്‍റെ വിരുന്നുമേശകളുടെ പാരമ്യമാണ് തിരുവത്താഴം. അവിടെവച്ച് യേശു തന്‍റെതന്നെ ശരീരവും രക്തവും ശിഷ്യർക്ക് ഭോജനമായി നൽകി. പിറ്റേദിവസം കുരിശിൽ പൂർത്തിയാകാനിരുന്ന ആത്മസമർപ്പണത്തിന്‍റെ മുൻകൂട്ടിയുള്ള ആവിഷ്കാരമായിരുന്നു തിരുവത്താഴമേശ. പാപികളോടും സാമൂഹ്യഭ്രഷ്ടരോടുമൊത്തുള്ള യേശുവിന്‍റെ പന്തിഭോജനത്തിന്‍റെ അനുസ്മരണവും ആഘോഷവുംകൂടിയാണ് തിരുവത്താഴത്തിന്‍റെ തുടർച്ചയായ പരിശുദ്ധകുർബാന. വിനീത ദാസരായി സമൂഹത്തിലെ തിരസ്കൃതർക്ക് ശുശ്രൂഷ ചെയ്യാനുള്ള ഉദ്ബോധനമാണ് ഓരോ പരിശുദ്ധകുർബാനയും നമുക്ക് നൽകുന്നത് (ലൂക്ക 22: 44-47). ഉത്ഥാനത്തിനു ശേഷവും യേശുവിന്‍റെ ഉൗട്ടുമേശകൾ തുടരുന്നു (ലൂക്ക 24: 1-12, 24: 36-49). ഉൗട്ടുമേശകളിലൂടെ യേശു വിളംബരം ചെയ്ത വിപ്ലവാത്മകമായ സന്ദേശമാണ് അവിടുത്തെ കുരിശിലേക്ക് നയിച്ചത്.