ഹൃദയംതൊട്ട്, ആകാശംകടന്ന്...
ഹരിപ്രസാദ്
Saturday, September 27, 2025 8:48 PM IST
ലക്ഷങ്ങൾ കണ്ണീർപ്പുഴ തുഴഞ്ഞെത്തി പ്രിയപ്പെട്ട ഗായകന് വിടചൊല്ലി. ലോകംകണ്ട ഏറ്റവുംവലിയ വിലാപയാത്രകളിലൊന്നായി അത് കണക്കുപുസ്തകങ്ങളിൽ ഇടംപിടിച്ചു. ആർത്തലച്ചുപെയ്ത സങ്കടത്തിനു കണക്കുവയ്ക്കാനാവില്ലല്ലോ... സുബീൻ ദാ.. അയാൾ അവർക്ക് സ്വന്തം ഹൃദയമിടിപ്പായിരുന്നു...
ആകാശം തൊടുന്നത്.., ഏറ്റവും മികച്ചത്.., സ്വർഗതുല്യമായത്... പേർഷ്യൻ വേരുകളുള്ള സുബീൻ എന്ന പേരിന്റെ അർഥങ്ങളാണ് ഇതെല്ലാം. ധീരനായ ഒരു പോരാളിക്ക് ഏറ്റവുമിണങ്ങുന്ന പേര്. വിഖ്യാത സംഗീതകാരൻ സുബിൻ മേഹ്ത്തയോടുള്ള സ്നേഹാദരങ്ങൾ കലർത്തിയാണ് സുബീൻ ഗാർഗിന് ആ പേരിട്ടത്.
എല്ലാ അർഥത്തിലും ഒരു ജനതയൊന്നാകെ അയാളെ സ്നേഹിച്ചു. അയാളാകട്ടെ അവരെ അതിരുകളില്ലാതെ ചേർത്തുപിടിച്ചു- പാട്ടുകൊണ്ടും സത്യസന്ധതകൊണ്ടും! ഏറ്റവും ഭീതിദമായ സ്വപ്നത്തിൽപ്പോലും തെളിയാത്തവിധം ആ പിടിയെല്ലാംവിട്ട് അയാൾ പോയ്മറയുന്പോൾ അവരെങ്ങനെ തകർന്നുപോകാതിരിക്കും..
സ്നേഹബിംബം
ആസാമിന്റെ, വടക്കുകിഴക്കിന്റെ സ്നേഹസംഗീതരൂപമായിരുന്നു ഗായകൻ സുബീൻ ഗാർഗ്. ജോർഹട്ട് എന്ന ചെറിയ പട്ടണത്തിൽനിന്ന് ബോളിവുഡിലേക്ക് അയാൾ പടർന്നു പന്തലിച്ചു. ഹിന്ദിയിലെ ഒറ്റ പാട്ടുകൊണ്ട് രാജ്യം മുഴുവൻ പ്രശസ്തനായി. ഫോട്ടോഗ്രാഫിയും സിനിമാ നിർമാണവും ഹോട്ടൽ നടത്തിപ്പും ഇഷ്ടപ്പെട്ട അയാൾ വ്യത്യസ്തനായിരുന്നു.
ഹിന്ദി സിനിമയ്ക്കപ്പുറം ഹോളിവുഡിൽവരെ സ്വരം കേൾപ്പിക്കാമെന്ന സ്വപ്നമുണ്ടായിട്ടും, അതിനുള്ള പ്രതിഭയുണ്ടായിട്ടും അയാൾ ആസാമിലേക്കു മടങ്ങിയെത്തി. നിലപാടുകൾകൊണ്ട്, സത്യസന്ധതകൊണ്ട് ലക്ഷങ്ങൾക്കു പ്രിയങ്കരനായി. അത്രയെളുപ്പമായിരുന്നില്ല ആ യാത്രകൾ...
ഇഷ്ടത്തിനുമുന്പ്
അനിശ്ചിതത്വത്തിന്റെ ഒരു കാലമുണ്ടായിരുന്നു സുബീന്റെ ജീവിതത്തിൽ. അതേക്കുറിച്ച് തുറന്നുപറഞ്ഞു അദ്ദേഹം ഒരിക്കൽ:
""മുന്പ് എന്റെ രീതികൾ വ്യത്യസ്തമായിരുന്നു.
ചിലപ്പോഴൊക്കെ വിചിത്രവും. ജീവിതശൈലി പലർക്കും ഇഷ്ടപ്പെട്ടിരുന്നുമില്ല. അത്തരമൊരു ശൈലി എന്റെ നാട്ടുകാർക്ക് ദഹിക്കാഞ്ഞിട്ടാണ്. പലരുമെന്നെ മാറ്റിനിർത്തേണ്ടയാളായി കണക്കാക്കി. പൂർണമായും നിസംഗതയോടെ കഴിഞ്ഞ ഒരു കാലമുണ്ട്. പഠിക്കുന്പോൾ ക്ലാസുകളിൽ കയറാതെ പട്ടണത്തിൽ ചുറ്റിനടന്നു. പാട്ടിന്റെ റിഹേഴ്സലുകളുടെ പേരിൽ അർധരാത്രിവരെയൊക്കെ പുറത്തായിരുന്നു.
പിന്നീടതൊക്കെ മാറി. ആസാമിൽ ഒരു ഗായകനെന്നനിലയിൽ സ്വീകരിക്കപ്പെടാൻ ഞാൻ ഒരുപാടു കഷ്ടപ്പെട്ടിട്ടുണ്ട്. ഒട്ടേറെ മികച്ച കലാകാരന്മാർക്കൊപ്പം പ്രവർത്തിച്ചു. വലിയ പുരോഗതിയൊന്നും ഉണ്ടായില്ല. അങ്ങനെയാണ് സ്വന്തമായി ഒരു ആൽബം പുറത്തിറക്കാൻ തീരുമാനിച്ചത്.
വർഷങ്ങൾകൊണ്ട് ഞാൻ സ്വരുക്കൂട്ടിയതെല്ലാം അനാമിക എന്ന ആൽബത്തിനുവേണ്ടി മുടക്കി. ശരിക്കും അതൊരു വലിയ റിസ്ക് ആയിരുന്നു. ആ പാട്ടുകൾ സ്വീകരിക്കപ്പെട്ടില്ലെങ്കിൽ ഞാൻ മറ്റുവല്ല ജോലിയും ചെയ്യേണ്ടിവരുമായിരുന്നു.''അനാമികയെ ആസാം ഹൃദയപൂർവം സ്വീകരിച്ചു. സുബീൻ ഗാർഗ് നാടിന്റെ പ്രിയ ഗായകനായി. വിവിധ ഭാഷകളിൽ, വിവിധ വിഭാഗങ്ങളിൽ പതിനായിരക്കണക്കിനു പാട്ടുകൾ പാടി.
അതിശയോക്തിയല്ല, 2006ൽ പുറത്തിറങ്ങിയ ഗാങ്സ്റ്റർ എന്ന ചിത്രത്തിലെ യാ അലീ എന്ന സുബിന്റെ പാട്ട് കേട്ടാൽ ഇന്നും കാലുകളിൽനിന്ന് ഒരു വിറയൽ പടർന്നുകയറുന്ന തലമുറയുണ്ട്. ഹിന്ദി ചലച്ചിത്രഗാന മേഖലയിൽ ഇടംകണ്ടെത്താനും ഏറെ പരിശ്രമിക്കേണ്ടിവന്നു. ഏതാണ്ട് അഞ്ചുവർഷമെടുത്തു മികച്ചൊരു അവസരംകിട്ടാൻ. സ്വീകരിക്കപ്പെടാൻ സമയമെടുത്തതിൽ ഒട്ടും നിരാശയുണ്ടായിരുന്നില്ല അദ്ദേഹത്തിന്.
""ഒരുപക്ഷേ മുന്പ് ആളുകൾക്ക് എന്നെ മനസിലാക്കാൻ കഴിഞ്ഞിലായിരിക്കാം. ഇപ്പോൾ കുട്ടികൾമുതൽ പ്രായമായവർവരെ എല്ലാവരും എന്നെ ഇഷ്ടപ്പെടുന്നു. ഒരു കലാകാരന് ഇതിനേക്കാൾ വലുതായി എന്താണ് നേടാനുള്ളത്!'' തനിക്കു കിട്ടിയ സ്നേഹം എത്രയോ ഇരട്ടിയായി സുബീൻ ഗാർഗ് നാടിനും നാട്ടുകാർക്കും തിരികെ നൽകിക്കൊണ്ടിരുന്നു.
കോവിഡ് മഹാമാരിക്കാലത്ത് സമാനതകളില്ലാത്ത സേവനമാണ് അദ്ദേഹം ചെയ്തത്. ""എനിക്കല്പം വട്ടുണ്ടെന്നു കരുതിയാലും സാരമില്ല. ഞാൻ സന്തോഷവാനാണ്. എന്റേതെന്നു പറയുന്നതെല്ലാം മറ്റുള്ളവർക്കു കൊടുക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്''- ഒരിക്കൽ പറഞ്ഞതിങ്ങനെ.
ഇനി ഓർമയിൽ
നാടിനെയും ബ്രഹ്മപുത്ര നദിയെയും സുബീൻ എന്നും ഹൃദയത്തിൽ കൊണ്ടുനടന്നു.""അതൊരു സുന്ദരമായ ഇടമാണ്. ഏറ്റവും മികച്ചവയിലൊന്ന്. ഞാൻ അവിടെ ജീവിച്ചു മരിക്കും.
എന്നെ ബ്രഹ്മപുത്രയുടെ തീരത്തു ദഹിപ്പിക്കണം. അല്ലെങ്കിൽ ചിതാഭസ്മം നദിയിലൊഴുക്കണം. ഞാനൊരു പോരാളിയാണ്, റാംബോയെപ്പോലെ...''വിടപറയുന്പോൾ തന്റെ പാട്ടുകളിൽ പ്രശസ്തമായ മായബിനി കേൾപ്പിക്കണമെന്നും പലതവണ ഗാർഗ് ആവശ്യപ്പെട്ടിരുന്നു. സംസ്കാരച്ചടങ്ങുകളിൽ ആരാധകർ ഒരുമിച്ച് ആ പാട്ടുപാടി. ഓർമകൾ ബ്രഹ്മപുത്രയിലെ ഓളങ്ങൾക്കു സമം ഇനിയൊഴുകും...