കഥാപാത്രത്തിന്റെ പേര് പറയുന്പോൾ പോലും ശ്രദ്ധിക്കണം; ജെഎസ്കെ സംവിധായകൻ പറയുന്നു
Saturday, July 12, 2025 12:21 PM IST
ജെഎസ്കെ: ജാനകി vs സ്റ്റേറ്റ് ഓഫ് കേരള ചിത്രത്തിലെ അനുപമ പരമേശ്വരന് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര് വി. ജാനകി എന്നല്ലെന്നും ജാനകി വിദ്യാധരന് പിള്ള എന്നാണെന്നും വ്യക്തമാക്കി സംവിധായകന് പ്രവീൺ നാരായണൻ.
""മൂന്നു മിനിറ്റോളം വരുന്ന സ്ഥലങ്ങളില്‍ മ്യൂട്ട് ചെയ്യാന്‍ പറഞ്ഞിട്ടുണ്ട്. വി. ജാനകി എന്നല്ല, സിനിമയിലെ കഥാപാത്രത്തിന്റെ പേര് ജാനകി വിദ്യാധരന് പിള്ള എന്നാണ്. പബ്ലിസിറ്റിയിലും ജാനകി വി. എന്ന് ഉപയോഗിക്കണമെന്നാണ് സെന്‍സര്‍ ബോര്‍ഡ് പറഞ്ഞത്''. പ്രവീൺ പറഞ്ഞു.
സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ചതുപ്രകാരമുള്ള റീ എഡിറ്റ് വ്യാഴാഴ്ച വൈകുന്നേരത്തോടെ പൂര്‍ത്തിയാക്കിയിരുന്നു.
കഥാപാത്രത്തിന്റെ പേരിനൊപ്പം ഇനീഷ്യല്‍ ചേര്‍ക്കണമെന്നും ചിത്രത്തിന്റെ അവസാന ഭാഗത്തെ ക്രോസ് വിസ്താരത്തിനിടെ ജാനകി എന്ന് ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നുമായിരുന്നു സെന്‍സര്‍ ബോര്‍ഡിന്റെ ആവശ്യം.
ടൈറ്റിലില്‍ മുഴുവന്‍ പേരായ ജാനകി വിദ്യാധരന് എന്നോ ജാനകി വി. എന്നോ ഉപയോഗിക്കണമെന്നും 96 കട്ടുകള്‍ക്ക് പകരം കോടതിരംഗത്തിലെ ഒരു ഡയലോഗ് മ്യൂട്ട് ചെയ്യണമെന്നും സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടിരുന്നു.