പുതിയ ലെവൽ അൺലോക്ക് ചെയ്ത് പ്രണവ് മോഹൻലാൽ; ‘ഡീയസ് ഈറേ’ പോസ്റ്റർ
Monday, July 14, 2025 8:30 AM IST
ഭ്രമയുഗം, ഭൂതകാലം എന്നീ ഹൊറര്‍ ത്രില്ലർ ചിത്രങ്ങള്‍ക്കു ശേഷം രാഹുല്‍ സദാശിവന് സംവിധാനം ചെയ്യുന്ന പ്രണവ് മോഹന്‍ലാല്‍ ചിത്രം ‘ഡീയസ് ഈറേ’യുടെ പുതിയ പോസ്റ്റർ പുറത്ത്. പ്രണവ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ലുക്ക് ആണ് പോസ്റ്ററിലുള്ളത്. ഇതുവരെ കാണാത്ത ലുക്കിലാണ് താരം എത്തുന്നതെന്ന പ്രത്യേകതയുമുണ്ട്.
ഹൊറർ ത്രില്ലർ ചിത്രമായാണ് ‘ഡീയസ് ഈറേ’ ഒരുക്കുന്നത്. പ്രണവിന്റെ പിറന്നാളിനോടനുബന്ധിച്ചായിരുന്നു പോസ്റ്റർ റിലീസ്.
‘ഡീയസ് ഇറേ’ എന്നത് ലാറ്റിൻ വാക്കാണ്. മരിച്ചവർക്ക് വേണ്ടി പാടുന്ന ഒരു ലാറ്റിൻ കവിതയാണ് ഡീയസ് ഈറേ. ഡീയസ് ഈറേ എന്നാൽ ലാറ്റിനിൽ ഉഗ്ര കോപത്തിന്റെ ദിനം എന്നർത്ഥം. പതിമൂന്നാം നൂറ്റാണ്ടിൽ എഴുതപ്പെട്ടതാണെന്ന് കരുതുന്നെങ്കിലും ഡീയസ് ഇറേയുടെ ഉൽഭവത്തെക്കുറിച്ചും അവകാശത്തിലും തർക്കങ്ങളുണ്ട്.
18 വരികളുള്ള കവിതയാണ് ഡീയസ് ഇറേ. കാഹളം മുഴക്കി ആത്മാക്കളെ ദൈവത്തിന്റെ സിംഹാസനത്തിനു മുന്നിൽ വിളിച്ചുകൂട്ടുന്ന അന്ത്യവിധിയാണ് ഈ കവിതയിൽ വിവരിക്കുന്നത്. ഇവിടെ രക്ഷപ്പെട്ടവരെ മോചിപ്പിക്കുകയും രക്ഷപ്പെടാത്തവരെ നിത്യജ്വാലകളിലേക്ക് എറിയുകയും ചെയ്യും. ദൈവത്തിന്റെ അന്ത്യ വിധിയും സ്വർഗത്തിലേക്കും നരകത്തിലേക്കും ആത്മാക്കളെ അയക്കുന്നതുമാണ് ഡിയസ് ഇറേയിൽ പ്രതിപാദിക്കുന്നത്.
ചക്രവർത്തി രാമചന്ദ്ര, എസ്. ശശികാന്ത് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ഹൊറർ ഗണത്തിൽപെടുന്ന സിനിമയുടെ തിരക്കഥ നിർവഹിക്കുന്നതും രാഹുൽ തന്നെയാണ്.
സിനിമയുടെ ആർട്ട് ചെയ്യുന്നത് ജ്യോതിഷ് ശങ്കർ. ഛായാഗ്രഹണം: ഷെഹ്നാദ് ജലാൽ ISC, എഡിറ്റിംഗ് ഷഫീഖ് മുഹമ്മദ് അലി. സൗണ്ട് ഡിസൈൻ ജയദേവൻ ചക്കാടത്ത്. സൗണ്ട് മിക്സ് രാജാകൃഷ്ണൻ എം.ആർ. മേക്കപ്പ് റോണെക്സ് സേവ്യർ. സ്റ്റണ്ട്സ് കലൈ കിംഗ്സൺ. വിഎഫ്എക്സ് ഡിജി ബ്രിക്സ്. പ്രൊഡക്ഷൻ കൺട്രോളർ അരോമ മോഹൻ. ചിത്രം ഈ വർഷം തന്നെ തിയറ്ററുകളിലെത്തും.