താങ്കളില്ലാതെ ആ മാന്ത്രികനിമിഷങ്ങൾ പിറക്കുമായിരുന്നില്ല; സ്റ്റണ്ട്മാൻ രാജുവിനെ അനുസ്മരിച്ച് പൃഥ്വിരാജ്
Monday, July 14, 2025 12:53 PM IST
സിനിമാ ചിത്രീകരണത്തിനിടെ സ്റ്റണ്ട്മാന് എസ്.എം. രാജു ദാരുണമായി മരിച്ചതിന്റെ ആഘാതത്തിലാണ് സിനിമാലോകം. തമിഴ് നടന് വിശാലും ആക്ഷന്‍ കൊറിയോഗ്രാഫര്‍ സില്‍വയും ഉള്‍പ്പെടെയുള്ളവര്‍ രാജുവിന് ആദരാഞ്ജലിയര്പ്പിച്ചെത്തിയിരുന്നു. ഇപ്പോഴിതാ നടൻ പൃഥ്വിരാജും സാമൂഹികമാധ്യമത്തിലൂടെ രാജുവിന് ആദരാഞ്ജലിയര്‍പ്പിച്ചു.
ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലാണ് പൃഥ്വി എസ്.എം. രാജുവിന് ആദരാഞ്ജലിയര്‍പ്പിച്ചത്. രാജുവിന്റെ കഴിവും ധൈര്യവുമില്ലായിരുന്നെങ്കില് പല മാന്ത്രിക നിമിഷങ്ങളും ഉണ്ടാകില്ലായിരുന്നുവെന്നും രാജുവിനെ എക്കാലത്തും മിസ്സ് ചെയ്യുമെന്നും പൃഥ്വിരാജ് കുറിച്ചു.
പാ രഞ്ജിത്ത്-ആര്യ ചിത്രമായ വേട്ടുവത്തിന്റെ ചിത്രീകരണത്തിനിടെയാണ് രാജുവിന്റെ ജീവനെടുത്ത അപകടമുണ്ടായത്. സാഹസികമായ കാര്‍ സ്റ്റണ്ട് ചിത്രീകരണമാണ് അപകടത്തില്‍ കലാശിച്ചത്.
എസ്യുവി അതിവേഗത്തില്‍ ഓടിച്ചുവന്ന് റാമ്പില്‍ കയറ്റി പറപ്പിക്കുന്ന രംഗം ചിത്രീകരിക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് വാഹനം അപകടത്തില്‍ പെടുകയായിരുന്നു. വായുവില്‍ ഒരുതവണ മലക്കം മറിഞ്ഞ വാഹനം ഇടിച്ചുകുത്തി നിലംപതിക്കുകയായിരുന്നു.