റഷ്യ - യുക്രെയ്ൻ സമാധാന ചർച്ചകൾക്കു വത്തിക്കാൻ ആതിഥേയത്വം വഹിച്ചേക്കും
Monday, May 19, 2025 1:17 AM IST
വത്തിക്കാൻ സിറ്റി: റഷ്യ-യുക്രെയ്ൻ സമാധാന ചർച്ചകൾക്ക് വത്തിക്കാൻ ആതിഥേയത്വം വഹിച്ചേക്കുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ. വത്തിക്കാന്റെ മധ്യസ്ഥത ഇരു രാജ്യങ്ങളും അംഗീകരിക്കുമെന്നും യുദ്ധം അവസാനിപ്പിക്കാൻ എല്ലാ ശ്രമങ്ങളും നടത്തുമെന്ന് ലെയോ പതിനാലാമൻ മാർപാപ്പ അറിയിച്ചിട്ടുണ്ടെന്നും സിബിഎസ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ റൂബിയോ അറിയിച്ചു.
ശത്രുക്കളെ പരസ്പരം ഒന്നിപ്പിക്കാനും മുഖാമുഖം കാണാനും പരസ്പരം സംസാരിക്കാനും പരിശുദ്ധ സിംഹാസനം എപ്പോഴും തയാറാണെന്നും ആളുകൾക്ക് വീണ്ടും പ്രത്യാശ കണ്ടെത്താനും അവർ അർഹിക്കുന്ന സമാധാനം വീണ്ടെടുക്കാനും അതിലൂടെ കഴിയുമെന്നും തെരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ ലെയോ പതിനാലാമൻ മാർപാപ്പ പറഞ്ഞിരുന്നു.
തുർക്കിയിലെ ഇസ്താംബൂളിൽ നടക്കുന്ന സമാധാനചർച്ച ഫലം കണ്ടില്ലെങ്കിൽ ഇരുപക്ഷത്തെയും ഒരുമിപ്പിച്ചു ചർച്ച നടത്താൻ വത്തിക്കാൻ സന്നദ്ധമാണെന്നു ലെയോ പതിനാലാമൻ മാർപാപ്പ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. ഇസ്താംബൂൾ ചർച്ചയിൽ യുദ്ധത്തടവുകാരെ പരസ്പരം കൈമാറാനുള്ള കാര്യത്തിൽ മാത്രമാണു തീരുമാനമായിട്ടുള്ളത്. യുക്രെയ്ന്റെ ഭാഗമായ കൂടുതൽ സ്ഥലങ്ങൾ വിട്ടുകിട്ടണമെന്നും എങ്കിൽ മാത്രമേ യുദ്ധം അവസാനിക്കുകയുള്ളൂവെന്നും റഷ്യ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.
അതിനിടെ, യുദ്ധം അവസാനിപ്പിക്കുന്നതു സംബന്ധിച്ച് ഇന്ന് റഷ്യൻ പ്രസിഡന്റ് പുടിനുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഫോണിൽ സംസാരിക്കും. ഇസ്താംബൂൾ ചർച്ചകൊണ്ട് കാര്യമുണ്ടാകില്ലെന്നും താനും പുടിനും തമ്മിൽ നേരിട്ടു സംസാരിച്ചാലെ തീരുമാനമുണ്ടാകൂവെന്നും കഴിഞ്ഞദിവസം ട്രംപ് പ്രതികരിച്ചിരുന്നു.