മൗണ്ട് സെന്റ് തോമസിൽ വൈദികർക്ക് തുടർപരിശീലന പരിപാടി
Tuesday, June 24, 2025 2:28 AM IST
കൊച്ചി: സീറോമലബാർ സഭ ക്ലർജി കമ്മീഷന്റെ നേതൃത്വത്തിൽ രൂപതകളിലെ യുവ വൈദികർക്ക് സഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ ദശദിന പരിശീലന പരിപാടി നടത്തി. മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ ഉദ്ഘാടനം ചെയ്തു.
വൈദികർ ഈ കാലഘട്ടത്തിൽ മാനുഷികഗുണങ്ങൾ അധികമായി വളർത്തിയെടുക്കേണ്ടത് ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. വൈദിക പരിശീലനം നിരന്തരം തുടരേണ്ട ഒന്നാണെന്നും മേജർ ആർച്ച്ബിഷപ് ഓർമിപ്പിച്ചു.
കമ്മീഷൻ ചെയർമാൻ ബിഷപ് മാർ ടോണി നീലങ്കാവിൽ, കൂരിയ ബിഷപ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ, ചാൻസലർ റവ. ഡോ. ഏബ്രഹാം കാവിൽപുരയിടത്തിൽ, കമ്മീഷൻ സെക്രട്ടറി റവ. ഡോ. ടോം ഓലിക്കരോട്ട് എന്നിവർ പ്രസംഗിച്ചു.
അജപാലന ദൈവശാസ്ത്രം, മനഃശാസ്ത്രം, ആരാധനക്രമം, സഭാനിയമം, ബൈബിൾ വ്യാഖ്യാനം, കമ്മ്യൂണിക്കേറ്റീവ് സ്കിൽസ്, യൂത്ത് ആനിമേഷൻ തുടങ്ങിയ വിഷയങ്ങളെ അടിസ്ഥാനമാക്കി വിദഗ്ധർ ക്ലാസുകളും ശില്പശാലകളും നയിച്ചു.