ഷൂസും ടീഷര്‍ട്ടും ധരിച്ചതിന് വിദ്യാര്‍ഥികള്‍ക്ക് മര്‍ദനം
Monday, June 23, 2025 5:39 AM IST
കാസര്‍ഗോഡ്: ഷൂസ് ധരിച്ച് ക്ലാസില്‍ എത്തിയ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ ക്രൂരമായി മര്‍ദിക്കുകയും ബെഞ്ച് ദേഹത്തേക്കിട്ട് ഗുരുതരമായി പരിക്കേല്‍പ്പിക്കുകയും ചെയ്തതായി പരാതി. പ്ലസ് വണ്‍ കൊമേഴ്സ് വിദ്യാര്‍ഥി നല്കിയ പരാതിയില്‍ പ്ലസ് ടു വിദ്യാര്‍ഥികളായ അഞ്ചു പേര്‍ക്കെതിരേ ആദൂര്‍ പോലീസ് കേസെടുത്തു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.30 ഓടെ ആദൂര്‍ ജിഎച്ച്എസ്എസിലാണ് കേസിനാസ്പദമായ സംഭവം.
ഷൂസ് ധരിച്ച് ക്ലാസിനെത്തിയ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ സീനിയര്‍ വിദ്യാര്‍ഥികളായ അഞ്ചുപേര്‍ തടഞ്ഞുനിര്‍ത്തി അസഭ്യം പറഞ്ഞുതുടങ്ങിയതോടെയാണ് സംഭവത്തിന്റെ തുടക്കം. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും കൈകൊണ്ട് അടിക്കുകയും തള്ളിവീഴ്ത്തുകയും ചെയ്തു. പ്ലസ് വണ്‍ വിദ്യാര്‍ഥി നിലത്തുവീണതോടെ ബെഞ്ചെടുത്തു ദേഹത്തിടുകയും കൈയില്‍ ഗുരുതരമായി പരിക്കേല്‍പ്പിക്കുകയും ചെയ്തതായി ആദൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു.
കുണ്ടംകുഴി ജിഎച്ച്എസ്എസിലും സമാനരീതിയിലുള്ള സംഭവം ഉണ്ടായി. ടീ ഷര്‍ട്ട് ധരിച്ച് ക്ലാസിലെത്തിയ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ പ്ലസ് ടു വിദ്യാര്‍ഥികള്‍ ക്രൂരമായി മര്‍ദിച്ചു. സംഭവത്തില്‍ ബേഡകം പോലീസ് എട്ടു പേര്‍ക്കെതിരേ ജുവൈനല്‍ ജസ്റ്റീസ് ബോര്‍ഡിനു റിപ്പോര്‍ട്ട് നല്കി.