രഞ്ജിതയുടെ ഡിഎന്‍എ ഫലമായില്ല; അമ്മയുടെ രക്തസാമ്പിള്‍ ശേഖരിച്ചു
Sunday, June 22, 2025 1:02 AM IST
കോഴഞ്ചേരി: അഹമ്മദാബാദ് വിമാനാപകടത്തില്‍ മരിച്ച പുല്ലാട് സ്വദേശി രഞ്ജിത ജി. നായരുടെ മൃതദേഹം തിരിച്ചറിയുന്നതിനായി ഡിഎന്‍എ പരിശോധനയ്ക്കായി അമ്മ തുളസിയുടെ രക്തസാമ്പിള്‍ ശേഖരിച്ചു. ഡിഎന്‍എ പരിശോധനയ്ക്കായി രഞ്ജിതയുടെ സഹോദരന് രതീഷിനെ അഹമ്മദാബാദിലെത്തിച്ചിരുന്നു.
കഴിഞ്ഞ 14ന് രക്തസാമ്പിള്‍ നല്കി പരിശോധനാഫലത്തിനായി ഒരാഴ്ച കാത്തിരുന്നിട്ടും ഡിഎന്‍എ ഫലം കാണാതെ വന്നതോടെയാണ് അമ്മയുടെ രക്തസാമ്പിള്‍ ശേഖരിച്ച് അയയ്ക്കാന്‍ അഹമ്മദാബാദ് ആരോഗ്യവകുപ്പ് നിര്‍ദേശിച്ചത്.
തുടര്‍ന്ന് ഇന്നലെ ആരോഗ്യവകുപ്പിലെ എന്‍എച്ച്എം സംഘം രഞ്ജിതയുടെ വീട്ടിലെത്തി തുളസിയുടെ രക്തസാമ്പിള്‍ ശേഖരിച്ചു. ഇത് സുരക്ഷിതമായി അഹമ്മദാബാദിലേക്ക് അയയ്ക്കാനും ക്രമീകരണം ചെയ്തു.