‘അമ്മ’ ജനറല്‍ ബോഡി യോഗം ഇന്ന്; മോഹന്‍ലാല്‍ തുടര്‍ന്നേക്കും
Sunday, June 22, 2025 1:02 AM IST
കൊച്ചി: താരസംഘടനയായ ‘അമ്മ’യുടെ ജനറല്‍ ബോഡി യോഗം ഇന്നു കൊച്ചിയില്‍ നടക്കും. നടന് മോഹന്‍ലാല്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് വീണ്ടും തിരിച്ചെത്തുമെന്നാണ് വിവരം. പൊതുയോഗത്തില്‍ അംഗങ്ങള്‍ക്ക് മുന്‍ സ്ഥാനങ്ങളില്‍ തുടരാന്‍ അനുവാദം നല്‍കിയേക്കും.
തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താത്പര്യമില്ലെന്നാണു മോഹന്‍ലാലിന്റെ നിലപാടെന്നാണ് സൂചന. വോട്ടെടുപ്പ് വേണമെന്ന ആവശ്യമുയര്‍ന്നാല്‍ മോഹന്‍ലാല്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് ഉണ്ടാകില്ല. ജനറല്‍ സെക്രട്ടറിയായ സിദ്ദിഖും ട്രഷററായ ഉണ്ണി മുകുന്ദനും അടക്കമുള്ളവര്‍ രാജിവച്ച സ്ഥാനങ്ങളിലേക്ക് പുതിയ ഭാരവാഹികളെ പൊതുയോഗം കണ്ടെത്തും.
ഹേമ കമ്മീഷന് റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ ജനറല്‍ സെക്രട്ടറിയായ സിദ്ദിഖ് ഉള്‍പ്പെടെ നേതൃപദവിയിലുള്ള ചിലര്‍ക്കെതിരേ ലൈംഗികപീഡന ആരോപണം ഉയര്‍ന്നിരുന്നു. ഇതോടെ കഴിഞ്ഞ ഓഗസ്റ്റില്‍ ചില ഭാരവാഹികള്‍ രാജിവയ്ക്കുകയുണ്ടായി. ഭരണസമിതി പിരിച്ചുവിട്ടതോടെ അഡ്ഹോക് കമ്മിറ്റിയാണു ഭരണം നിര്‍വഹിച്ചിരുന്നത്.
സിനിമാ സെറ്റുകളിലടക്കം ലഹരി ഉപയോഗം വിലക്കിയുള്ള നിര്‍മാതാക്കളുടെ കത്ത് യോഗം ഇന്നു ചര്‍ച്ച ചെയ്യും. ലഹരിക്കെതിരേയുള്ള ബോധവത്കരണവുമായി നാർകോട്ടിക് സെല്‍ ഉദ്യോഗസ്ഥര്‍, സ്ത്രീശക്തീകരണവുമായി ബന്ധപ്പെട്ട് ലേബര്‍ കമ്മീഷന് അംഗങ്ങള്‍ തുടങ്ങിയവരും യോഗത്തിന്റെ ഭാഗമായേക്കും.