നാലു ദിവസം മഴയ്ക്കു സാധ്യത; യെല്ലോ അലർട്ട്
Sunday, June 22, 2025 2:01 AM IST
തിരുവനന്തപുരം: അടുത്ത നാല് ദിവസം സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വടക്കൻ കേരളത്തിൽ നാല് ദിവസം ശക്തമായ മഴയ്ക്കാണ് സാധ്യത.
ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്നു മുതൽ ബുധനാഴ്ച വരെയും ആലപ്പുഴ, എറണാകുളം, തൃശൂർ ജില്ലയിൽ ഇന്നും യെല്ലോ അലർട്ട് പ്രഖ്യാപിച്ചതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.
ജാഗ്രതാ നിർദേശം നൽകപ്പെട്ടിട്ടുള്ള ജില്ലകളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ 24 മണിക്കൂറിൽ ഏഴ് മുതൽ 11 സെന്റിമീറ്റർ വരെയുള്ള ശക്തമായ മഴയ്ക്കാണ് സാധ്യതയെന്നും നിരീക്ഷണകേന്ദ്രം വ്യക്തമാക്കി.