ഒന്നാം ക്ലാസ് പ്രവേശനം: എൻട്രൻസ് പരീക്ഷ നടത്തില്ലെന്ന് മന്ത്രി വി. ശിവൻകുട്ടി
Sunday, June 22, 2025 1:02 AM IST
കോഴിക്കോട്: ഒന്നാം ക്ലാസ് പ്രവേശനത്തിന് എൻട്രൻസ് പരീക്ഷ നടത്താൻ അനുവദിക്കില്ലെന്ന് മന്ത്രി വി. ശിവൻകുട്ടി.
എസ്എഫ്ഐ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച വിദ്യഭ്യാസ സെമിനാറും എസ്എസ്എൽസി, പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയവർക്കുള്ള ആദരവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പത്താംക്ലാസ് പരീക്ഷ കഴിയും മുന്പേ ചില സ്വകാര്യ സ്കൂളുകൾ പ്ലസ് വണ്ണിലേക്കുള്ള പ്രവേശനം നടത്തുന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത്തരം വിഷയങ്ങളിൽ എസ്എഫ്ഐ അടക്കമുള്ള വിദ്യാർഥി സംഘടനകൾ സാമൂഹ്യ ജാഗ്രത പുലർത്തണം.
ഭരണഘടന എന്തെന്ന് മനസിലാക്കാൻ ഗവർണർമാർക്ക് പോലും സാധിക്കുന്നില്ല. ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾ വിദ്യാർഥികൾക്ക് മനസിലാക്കേണ്ടതുണ്ട്. അതിനായാണ് ഭരണഘടനയുടെ ആമുഖം പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തിയതെന്നും മന്ത്രി പറഞ്ഞു.