യുവാക്കള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം നൽകും: ജോസ് കെ. മാണി
Sunday, June 22, 2025 1:02 AM IST
കോട്ടയം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് -എം പാര്‍ട്ടി യുവാക്കള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം ഉറപ്പാക്കുമെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്മാന് ജോസ് കെ. മാണി. യൂത്ത്ഫ്രണ്ട് -എം 55-ാം ജന്മദിന സമ്മേളനവും സംസ്ഥാന കമ്മിറ്റി യോഗവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇന്നു കേരള കോണ്‍ഗ്രസിന്റെ നേതൃനിരയിലുള്ള മുഴുവന്‍ നേതാക്കളും യൂത്ത് ഫ്രണ്ടില്‍നിന്ന് എത്തിയവരാണ്. ഇവരാണ് പാര്‍ട്ടിയുടെ ഇന്നത്തെ കരുത്ത്. നെല്‍കര്‍ഷക വിഷയത്തില്‍ അടക്കം യൂത്ത് ഫ്രണ്ട് നടത്തിയ പോരാട്ടങ്ങള്‍ സമൂഹത്തിലുണ്ട്.
തുടര്‍ന്ന് വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചവരെ ആദരിക്കുകയും യൂത്ത്ഫ്രണ്ട്- എം 55-ാം ജന്മദിന ആഘോഷങ്ങളുടെ ഭാഗമായി ചെയര്മാന് ജോസ് കെ. മാണിയുടെ നേതൃത്വത്തില്‍ കേക്ക് മുറിക്കുകയും ചെയ്തു.
യൂത്ത്ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സിറിയക് ചാഴികാടന് അധ്യക്ഷത വഹിച്ചു. കേരള കോണ്‍ഗ്രസ് -എം വൈസ് ചെയര്മാന് തോമസ് ചഴികാടന്‍, കേരള സര്‍ക്കാര്‍ ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ്, ജോബ് മൈക്കിൾ എംഎല്‍എ, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ സ്റ്റീഫന്‍ ജോര്‍ജ്, അലക്സ് കോഴിമല തുടങ്ങിയവർ പ്രസംഗിച്ചു.