സ്പെഷൽ ട്രെയിനുകളിലെ ഐസിഎഫ് കോച്ചുകൾ പിൻവലിക്കാൻ റെയിൽവേ
സ്വന്തം ലേഖകൻ
Monday, June 23, 2025 5:39 AM IST
കൊല്ലം: രാജ്യത്താകമാനം സർവീസ് നടത്തിവരുന്ന സ്പെഷൽ ട്രെയിനുകളിൽ ഏർപ്പെടുത്തിയിട്ടുള്ള ഐസിഎഫിലെ (ഇന്റഗ്രേറ്റഡ് കോച്ച് ഫാക്ടറി) കോച്ചുകൾ പിൻവലിക്കാൻ റെയിൽവേ ബോർഡ് തീരുമാനം.
കോച്ചുകളുടെ ഗുണനിലവാരം സംബന്ധിച്ച് യാത്രക്കാരിൽ നിന്നും റെയിൽവേ ഉദ്യോഗസ്ഥരിൽനിന്നും പരാതികൾ വ്യാപകമായ തിനാലാണ് ഐസിഎഫ് രൂപകൽപ്പന ചെയ്ത പഴയ ഗരീബ് രഥ് എക്സ്പ്രസ് കോച്ചുകൾ പാസഞ്ചർ സർവീസുകളിൽനിന്ന് ഒഴിവാക്കാൻ റെയിൽവേ ബോർഡ് നിർദേശിച്ചത്.
ഗരീബ് രഥ് കോച്ചുകളുടെ ഉത്പാദനം റെയിൽവേ 2024-ൽ പൂർണമായും നിർത്തി വയ്ക്കുകയുണ്ടായി. ഈ പഴയ കോച്ചുകളാണ് പ്രത്യേക ട്രെയിനുകൾ ഓടിക്കുന്നതിന് ഉപയോഗിച്ചു വന്നിരുന്നത്.
ഇലക്ട്രിക്കൽ, മെക്കാനിക്കൽ പ്രശ്നങ്ങൾ കാരണം ഈ കോച്ചുകൾ തകരാറിലാകുന്നത് പതിവായിരുന്നു. ഇത് സ്പെഷൽ ട്രെയിൻ സർവീസുകളുടെ സമയകൃത്യതയെ പ്രതികൂലമായി ബാധിച്ചു. മാത്രമല്ല, തകരാർ സംഭവിച്ചാൽ അതു പരിഹരിക്കുന്നതിന് സ്പെയർ പാർട്സുകളും ലഭ്യമായിരുന്നില്ല. വിവിധ സോണുകളിലെ ഉയർന്ന ഉദ്യോഗസ്ഥർ ഇക്കാര്യം പരാതിയായി റെയിൽവേ മന്ത്രാലയത്തിന് റിപ്പോർട്ടും ചെയ്തിരുന്നു.ഇതിന്റെ അടിസ്ഥാനത്തിലാണ് ഇത്തരം കോച്ചുകൾ അടിയന്തരമായി പിൻവലിക്കാൻ റെയിൽവേ മന്ത്രാലയം നിർദേശം നൽകിയത്.