ഹണി ഭാസ്കരന്റെ ഫേസ്ബുക്ക് പോസ്റ്റിൽ അശ്ലീല കമന്റിട്ടയാൾ അറസ്റ്റിൽ
Monday, June 23, 2025 5:20 AM IST
ഇരിട്ടി: എഴുത്തുകാരി ഹണി ഭാസ്കരന്റെ ഫേസ്ബുക്ക് പോസ്റ്റിൽ അശ്ലീല കമന്റിട്ടയാൾ അറസ്റ്റിൽ. ഇരിട്ടി അങ്ങാടിക്കടവ് സ്വദേശി ജിൽസ് ഉണ്ണിമാക്കലിനെയാണ് ഇരിട്ടി പോലീസ് അറസ്റ്റ് ചെയ്തത്. നിലന്പൂർ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഹണി ഭാസ്കരനിട്ട ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു പ്രതി അശ്ലീല കമന്റിട്ടത്. ഹണി ഭാസ്കരൻ നൽകിയ പരാതിയെത്തുടർന്നായിരുന്നു അറസ്റ്റ്.
കമന്റിനെതിരേ സമൂഹത്തിന്റെ വിവിധ മേഖലകളിൽനിന്ന് ശക്തമായ പ്രതിഷേധം ഉയർന്നതോടെ കമന്റ് ഇയാൾ പിൻവലിക്കുകയും സോഷ്യൽ മീഡിയയിലൂടെ മാപ്പു പറയുകയും ചെയ്തിരുന്നുവെങ്കിലും പരാതി നിലനിൽക്കുന്ന സാഹചര്യത്തിലാണ് പോലീസ് വീട്ടിലെത്തി അറസ്റ്റ് രേഖപ്പെടുത്തിയത്.
ഐടി ആക്ട്, സ്ത്രീകളെ അപമാനിക്കൽ, സോഷ്യൽ മീഡിയ ദുരുപയോഗം തുടങ്ങി ജാമ്യമില്ലാത്ത വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. രണ്ടു ഫേസ്ബുക്ക് ഐഡിയുള്ള പ്രതി പലരെയും ഇതിലൂടെ അധിക്ഷേപിക്കുന്നതായി കണ്ടെത്തിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. പ്രതിയുടെ രണ്ടു മൊബൈൽ ഫോണും പോലീസ് കസ്റ്റഡിയിലെടുത്തു.