‘അമ്മ’യില്‍ മൂന്നു മാസത്തിനകം ഭാരവാഹി തെരഞ്ഞെടുപ്പ്
Monday, June 23, 2025 5:39 AM IST
കൊച്ചി: താരസംഘടനയായ ‘അമ്മ’യില്‍ മൂന്നു മാസത്തിനകം ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടത്താന്‍ ധാരണ. ഇന്നലെ കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡിയിലാണ് ഇതുസംബന്ധിച്ചു തീരുമാനമുണ്ടായത്. അതുവരെ നിലവിലെ ഭരണസമിതി തുടരും.
യോഗത്തില്‍ നിലവിലെ ഭരണസമിതി തുടരണമെന്ന അഭിപ്രായമാണ് ഭൂരിഭാഗവും പങ്കുവച്ചത്. നിലവിലെ ഭരണസമിതി തുടരുകയാണെങ്കില്‍ മൂന്നു മാസത്തിനകം അടുത്ത തെരഞ്ഞെടുപ്പ് നടത്തണമെന്ന് മറുപടിപ്രസംഗത്തില്‍ മോഹന്‍ലാല്‍ ആവശ്യപ്പെട്ടു. സംഘടനയുടെ സുതാര്യതയ്ക്കുവേണ്ടിയാണിതെന്നാണ് മോഹന്‍ലാലിന്റെ വാദം. നിലവില്‍ ജനറല്‍ സെക്രട്ടറിയുടെ ചുമതല വഹിക്കുന്നത് ബാബുരാജാണ്.
ഹേമ കമ്മീഷന് റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ ജനറല്‍ സെക്രട്ടറിയായ നടന് സിദ്ദിഖ് ഉള്‍പ്പെടെ നേതൃപദവിയിലുള്ള ചിലര്‍ക്കെതിരേ ലൈംഗികപീഡന ആരോപണം ഉയര്‍ന്നിരുന്നു. ഇതോടെയാണു കഴിഞ്ഞ ഓഗസ്റ്റില്‍ ചില ഭാരവാഹികള്‍ സ്ഥാനം രാജിവച്ചത്. ഭരണസമിതി പിരിച്ചുവിട്ടതോടെ അഡ്ഹോക് കമ്മിറ്റിയാണു ഭരണം നിര്‍വഹിച്ചിരുന്നത്.
13 വര്‍ഷത്തിനുശേഷം ജഗതി ‘അമ്മ’യുടെ യോഗത്തിൽ
കൊച്ചി: ജഗതി ശ്രീകുമാര്‍ 13 വര്‍ഷത്തിനുശേഷം ‘അമ്മ’യുടെ ജനറല്‍ ബോഡി യോഗത്തില്‍ പങ്കെടുക്കാനെത്തി. ഇന്നലെ രാവിലെ 11ഓടെ എറണാകുളം കലൂരിലെ കണ്വന്ഷന് സെന്ററില്‍ നടന്ന യോഗത്തില്‍ മകനോടൊപ്പമാണു ജഗതിയെത്തിയത്. അഭിനേതാക്കള്‍ ഏറെ ആവേശത്തോടെയാണ് അദ്ദേഹത്തെ സ്വീകരിച്ചത്.
മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ള നടീ-നടന്മാര് അദ്ദേഹത്തിനു സമീപമെത്തി ഓര്‍മകള്‍ പങ്കുവയ്ക്കുകയും വിശേഷങ്ങള്‍ തിരക്കുകയും ചെയ്തു. സഹപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് ചിരിച്ചും തലകുലുക്കിയുമാണ് ജഗതി പ്രതികരിച്ചത്. യോഗത്തില്‍ അദ്ദേഹത്തെ ആദരിക്കുകയും ചെയ്തു.