പരിചരണം കിട്ടാതെ ആശുപത്രി ജീവനക്കാരൻ മരിച്ചു
Tuesday, June 30, 2020 1:10 AM IST
ന്യൂഡൽഹി: കൃത്യസമയത്ത് പരിചരണം കിട്ടാതെ ഡൽഹിയിൽ മലയാളി മരിച്ചു. രാം മനോഹർ ലോഹ്യ ആശുപത്രിയിൽ ആംബുലൻസുകളുടെ ചുമതല വഹിച്ചിരുന്ന കെ. പ്രസാദ് ആണ് ഹൃദയാഘാതം മൂലം മരിച്ചത്.
കഴിഞ്ഞ ദിവസം ഹൃദയാഘാതം ഉണ്ടാവുകയും ജോലി ചെയ്തിരുന്ന കൊല്ലം സ്വദേശി റാം മനോഹർ ലോഹ്യ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. ആരോഗ്യ പ്രവർത്തകരോ, ഡോക്ടർമാരോ പ്രാഥമിക ചികിത്സ പോലും നൽകാൻ തയാറാകാത്തതാണ് മരണ കാരണം എന്ന് ആരോപണമുണ്ട്. കോവിഡിന്റെ ഭയത്തിൽ അടിയന്തിരമായി ലഭിക്കേണ്ട പ്രാഥമിക ചികിത്സ ലഭിക്കാതെ മരണം സംഭവിക്കുന്നത് വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.
മരണശേഷം നടത്തിയ പരിശോധനയിൽ പ്രസാദിന് കോവിഡ് നെഗറ്റീവാണ്. രണ്ടു വർഷം കൂടി സർവീസ് ബാക്കി നിൽക്കെയാണ് മരണം. കൊല്ലം ജില്ലയിൽ കൊട്ടാരക്കര, പുത്തൂർ സ്വദേശിയാണ്. ഡൽഹിയിൽ ഗോൾ മാർക്കറ്റിൽ സർക്കാർ ക്വാർട്ടറിലായിരുന്നു താമസം. ഭാര്യ: സാറാമ്മ പ്രസാദ്. മക്കൾ: പ്രിൻസ്, പ്രിൻസി.