ഡോസുകളുടെ ഇടവേള കൂട്ടിയതു ശരിയെന്നു മന്ത്രി
Thursday, June 17, 2021 12:51 AM IST
ന്യൂഡൽഹി: കോവിഷീൽഡ് വാക്സിന്റെ ഒന്നും രണ്ടും ഡോസുകൾക്ക് ഇടയിലുള്ള ഇടവേള വർധിപ്പിച്ചത് ശാസ്ത്രീയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണെന്നു കേന്ദ്ര ആരോഗ്യമന്ത്രി. വാക്സിൻ ഡോസുകളുടെ ഇടവേള വർധിപ്പിച്ചത് സുതാര്യമായും ശാസ്ത്രീയവുമായാണെന്നാണ് ആരോഗ്യ മന്ത്രി ഡോ. ഹർഷവർധൻ ട്വിറ്ററിൽ പറഞ്ഞത്.
ഇമ്യൂണൈസേഷൻ ദേശീയ ഉപദേശകസമിതി അധ്യക്ഷൻ ഡോ. എൻ.കെ അറോറയുടെ സാക്ഷ്യം സഹിതമാണ് മന്ത്രി ട്വിറ്ററിൽ വിശദീകരണം നൽകിയത്. കോവിഷീൽഡ് വാക്സിന്റെ ഫലപ്രാപ്തി 12 ആഴ്ച ഇടവേളയിൽ കൂടുതൽ വർധിക്കുമെന്ന് ഇംഗ്ലണ്ടിൽ നടത്തിയ പഠനത്തിൽ വെളിപ്പെട്ടതായി ഡോ. അറോറ പറഞ്ഞു.
കോവിഷീൽഡ് വാക്സിൻ ഡോസുകളുടെ ഇടവേള എട്ട് ആഴ്ച ആണെങ്കിൽ ഫലപ്രാപ്തി 65 ശതമാനം ആണെന്നും 12 ആഴ്ചയായി വർധിപ്പിച്ചാൽ ഇത് 88 ശതമാനം ആണെന്നുമാണ് യുകെ ഹെൽത്ത് അഥോറിറ്റിയുടെ റിപ്പോർട്ട്.