"ഞങ്ങൾ ആ വെടിവയ്പ്പിന് മുന്നിലേക്ക് ചാടി': കോടിയേരിയുമൊത്തുള്ള സമരനിമിഷങ്ങൾ ഓർത്തെടുത്ത് ഇ.പി
സ്വന്തം ലേഖകൻ
Sunday, October 2, 2022 11:15 AM IST
കണ്ണൂർ: സംഘർഷ മേഖലകളിൽ ഓടിയെത്തുന്ന രീതിയായിരുന്നു കോടിയേരി ബാലകൃഷ്ണന്റേതെന്ന് എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജൻ. വിദ്യാർത്ഥി യുവജന രംഗത്ത് ഒന്നിച്ച് പ്രവർത്തിച്ച് വന്നവരാണ് ഞങ്ങൾ.
പല സമരമുഖങ്ങളിലും ഒരുമിച്ചു നിന്നാണ് ഞങ്ങൾ പോരാടിയത്. മികച്ച സംഘാടകനായിരുന്നു അദ്ദേഹം. സൗമ്യ മുഖത്തോടെ, സൗമ്യ ഭാവത്തോടെ എപ്പോഴുമിരിക്കുന്ന വ്യക്തിത്വവുമായിരുന്നു അദ്ദേഹമെന്നും ഇ.പി. ജയരാജൻ ഒരു വാർത്താ ചാനലിനോട് പറഞ്ഞു.
‘കെ.കരുണാകരൻ മുഖ്യമന്ത്രിയായിരുന്നപ്പോൾ കണ്ണൂർ കളക്ടറേറ്റിൽ നടന്ന പരിപാടിയിലേക്ക് ഡിവൈഎഫ്ഐയുടെ പ്രതിഷേധ പ്രകടനുമുണ്ടായിരുന്നു. പ്രകടനത്തിന് നേരെ പോലീസ് ലാത്തി വീശി. ഇതറിഞ്ഞ് ഞാനും കോടിയേരിയും ഓടിയെത്തിയപ്പോൾ കണ്ട കാഴ്ച റോഡിൽ അഞ്ച് പത്ത് പേർ നിരന്ന് കിടന്ന് വെടിവയ്ക്കുന്നതാണ്. ആ വെടിവയ്പ്പിന് മുന്നിലേക്ക് ഞങ്ങൾ ചാടി.
പിന്നീട് അന്നത്തെ പോലീസ് സൂപ്രണ്ട് ജോർജ് ഞങ്ങളോട് പറഞ്ഞു നിങ്ങൾ ചെയ്തത് വലിയ അബദ്ധമായിപ്പോയി. നിങ്ങളോട് ചെറിയ വിരോധമുണ്ടായിരുന്നവർ ആ കൂട്ടത്തിലുണ്ടായിരുന്നെങ്കിലോ ? ഇത്തരത്തിലുള്ള പല സംഭവങ്ങളിലും ഒന്നിച്ച് നിന്ന് പോരാടിയിട്ടുള്ളവരാണ് ഞങ്ങൾ’ – ഇ.പി ജയരാജൻ പറഞ്ഞു.