കെ.വിദ്യയുടെ വീട്ടില്‍ പോലീസ് പരിശോധനയ്ക്കെത്തി; വീട് പൂട്ടിയ നിലയില്‍
Saturday, June 10, 2023 7:28 PM IST
കാസര്‍ഗോഡ്: എറണാകുളം മഹാരാജാസ് കോളജിന്റെ പേരില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയ കെ. വിദ്യയുടെ വീട്ടില്‍ പോലീസ് പരിശോധന. വീട്ടില്‍ ആരും ഇല്ലാത്തതിനാല്‍ പോലീസ് സംഘം മടങ്ങി.
തൃക്കരിപ്പൂര്‍ മണിയനോടുള്ള വീട്ടിലാണ് നീലേശ്വരം പോലീസ് പരിശോധനയ്ക്കെത്തിയത്. വെള്ളിയാഴ്ച വരെ വിദ്യയുടെ കുടുംബാംഗങ്ങള്‍ ഇവിടെ ഉണ്ടായിരുന്നെന്നാണ് വിവരം. ഇവര്‍ ഇവിടെനിന്ന് ബോധപൂര്‍വം മാറിയതാണോ അതോ എന്തെങ്കിലും ആവശ്യങ്ങള്‍ക്കുവേണ്ടി പുറത്തുപോയതാണോ എന്ന കാര്യം വ്യക്തമല്ല.
വിദ്യയ്ക്കെതിരെ കേസ് റജിസ്റ്റര്‍ ചെയ്ത് ദിവസങ്ങൾ കഴിഞ്ഞിട്ടും ഇവരെ ഇതുവരെ കണ്ടെത്താനായിട്ടില്ല. കാലടിയില്‍ സംസ്കൃത സര്‍വകലാശാലയുടെ ഒരു ഹോസ്റ്റലിലാണു വിദ്യ ഒളിവില്‍ താമസിക്കുന്നതെന്നാണ് ആരോപണം.
കാസര്‍ഗോഡ് കരിന്തളം കോളജില്‍ വിദ്യ ഹാജരാക്കിയ രേഖകള്‍ പോലീസ് കഴിഞ്ഞ ദിവസം ശേഖരിച്ചിരുന്നു. ഇന്ന് കോളജ് പ്രിന്‍സിപ്പലിന്റെ മൊഴി എടുത്തേക്കുമെന്നാണ് വിവരം.