കോട്ടയത്ത് എംഡിഎംഎയുമായി യുവാവ് പിടിയിൽ
Monday, May 22, 2023 8:29 PM IST
കോട്ടയം: എംഡിഎംഎയുമായി യുവാവ് പിടിയിൽ. ഡ്രോൺ കാമറ വിദഗ്ധനും എൻജിനീയറിംഗ് ബിരുദധാരിയുമായ ഇടുക്കി സ്വദേശി അണക്കര കുന്നത്ത് മറ്റം അനീഷ് ആന്റണി (23) ആണ് പിടിയിലായത്.
കോട്ടയം എക്സൈസ് സ്പെഷൽ സ്ക്വാഡാണ് ഇയാളെ പിടികൂടിയത്. കോട്ടയം ചങ്ങനാശേരി കേന്ദ്രീകരിച്ചുള്ള മയക്കു മരുന്നു മാഫിയ സംഘത്തിലെ പ്രധാന കണ്ണിയാണ് ഇയാൾ. നാല് ഗ്രാം എംഡിഎംഎയും ഇയാളുടെ കൈയിൽനിന്നും എക്സൈസ് കണ്ടെത്തി.
കോളജ് വിദ്യാർഥികൾക്ക് ഉൾപ്പെടെ എംഡിഎംഎ കൈമാറാറുണ്ടെന്നുള്ള രഹസ്യവിവരത്തെ അടിസ്ഥാനത്തിൽ ഇയാളെ എക്സൈസ് ഉദ്യോഗസ്ഥർ ആഴ്ചകളായി നിരീക്ഷിച്ചു വരികയായിരുന്നു. തുടർന്ന് വേഷം മാറി എത്തിയ എക്സൈസ് ഉദ്യോഗസ്ഥർ ചലച്ചിത്ര നിർമാതാക്കളാണെന്ന് പറഞ്ഞ് പരിചയപ്പെടുകയും, പിന്നീട് എംഡിഎംഎ ആവശ്യപ്പെട്ടപ്പോൾ കറുകച്ചാൽ നെടുങ്കുന്നത്ത് വച്ച് കൈമാറുകയും ചെയ്യുമ്പോഴാണ് പിടിയിലാകുന്നത്.
18നും 23നും ഇടയിൽ പ്രായമുള്ള വിദ്യാർഥികളാണ് പ്രധാനമായും ഇയാളുടെ ഇരകളായിരുന്നതെന്നും എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.