നിപ ആശങ്ക; മാസ്ക് ധരിക്കുന്നത് ഉചിതമെന്ന് മന്ത്രി റിയാസ്
Tuesday, September 12, 2023 5:20 PM IST
കോഴിക്കോട്: നിപ രോഗബാധ സംശയിക്കപ്പെടുന്ന സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിൽ പ്രതിരോധ നടപടികൾ ശക്തമാക്കി സർക്കാർ.
രോഗബാധ ഉണ്ടായെന്ന സംശയിക്കപ്പെടുന്നവർ വസിച്ചിരുന്ന ഇടങ്ങളിൽ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെന്നും സമ്പർക്കസാധ്യതയുള്ളവരെ നിരീക്ഷണത്തിലാക്കിയതായും അധികൃതർ അറിയിച്ചു.
പൊതുമരാമരത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന്റെ അധ്യക്ഷതയിൽ കുറ്റ്യാടി പഞ്ചായത്ത് ഓഫീസിൽ ചേർന്ന അവലോകന യോഗത്തിൽ സ്ഥിതിഗതികൾ വിലയിരുത്തി.
നിലവിൽ മാസ്ക് നിർബന്ധമാക്കിയിട്ടില്ലെങ്കിലും ധരിക്കുന്നതാണ് ഉചിതമെന്ന് യോഗത്തിന് ശേഷം റിയാസ് അറിയിച്ചു. അമിത ആശങ്ക വേണ്ടെങ്കിലും ജനങ്ങൾ ജാഗ്രത പുലർത്തണം.
രോഗികളെ സന്ദർശിക്കുന്നതിൽ എല്ലാവരും ജാഗ്രത പുലർത്തണം. മരുതോങ്കര, ആയഞ്ചേരി പഞ്ചായത്തുകളുടെ സമീപ പ്രദേശങ്ങളിലും പഞ്ചായത്തുകളിലും ആർക്കെങ്കിലും പനി ഉണ്ടായാൽ റിപ്പോർട്ട് ചെയ്യാൻ സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി വിവരിച്ചു. പനി മരണം സംഭവിച്ച സ്ഥലങ്ങളിൽ സന്ദർശനം നടത്തുന്നത് ഒഴിവാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.