പാറായി ബാബു സിപിഎം വളര്‍ത്തിയ ക്രിമിനൽ: രാജ്മോഹന്‍ ഉണ്ണിത്താന്
Saturday, November 26, 2022 11:10 AM IST
കണ്ണൂർ: തലശേരിയിലെ ഇരട്ടക്കൊലപാതക കേസിലെ മുഖ്യപ്രതി പാറായി ബാബു സിപിഎം വളര്‍ത്തിയ ക്രിമിനലാണെന്ന് രാജ്മോഹന്‍ ഉണ്ണിത്താന് എംപി. ജില്ലാ കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തില്‍ തലശേരി പഴയ ബസ്സ്റ്റാൻഡ് പരിസരത്ത് നടത്തിയ ജനകീയക്കൂട്ടായ്മ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കരമാര്‍ഗവും, വ്യോമമാര്‍ഗവും കടല്‍മാര്‍ഗവുമാണ് കേരളത്തിലേക്ക് മയക്കുമരുന്ന് എത്തുന്നത്. ഇതിന് പിന്നില്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയാണ്. അവര്‍ അവിഹിത മാര്‍ഗങ്ങളിലൂടെ പണം സമ്പാദിക്കുകയാണ്.
ഏത് കൊല നടത്തിയാലും അതില്‍ ഞങ്ങള്‍ക്ക് പങ്കില്ലെന്ന് സിപിഎം വിളിച്ചു പറയുമെങ്കിലും ഏതെങ്കിലും കൊലപാതകിയെ പുറത്താക്കിയ ചരിത്രമുണ്ടോയെന്നും ഉണ്ണിത്താന് ചോദിച്ചു. കേരളത്തിന്റെ നികുതിപ്പണം കൊണ്ട് ക്രിമിനലുകളെ സംരക്ഷിക്കുന്ന സര്‍ക്കാരാണ് കേരളം ഭരിക്കുന്നത്.
കൊലപാതകികള്‍ ജയിലില്‍ പോയാല്‍ അവരുടെ വീട്ടിലെ കാര്യം നോക്കാന്‍ പാര്‍ട്ടി നേതാക്കളുണ്ട്. ഭര്‍ത്താവ് ജയിലില്‍ പോയാല്‍ ഭാര്യയെ നോക്കാനും സിപിഎമ്മിൽ ആളുണ്ടെന്നും ഉണ്ണിത്താന് പറഞ്ഞു. കേരളത്തിലെ ജനങ്ങളെ പറ്റിക്കാൻ മെഴുകുതിരി തെളിയിച്ചിട്ടും ചങ്ങലകെട്ടിയിട്ടുമൊന്നും കാര്യമില്ല. ലഹരി മാഫിയകളുമായുള്ള അവിശുദ്ധ കൂട്ടു കെട്ടിലാരെല്ലാമാണെന്ന് കണ്ടെത്തണമെന്നും ഉണ്ണിത്താന് ആവശ്യപ്പെട്ടു.