10,000 പിന്നിട്ട് ഹിറ്റ്മാൻ
വെബ് ഡെസ്ക്
Tuesday, September 12, 2023 4:04 PM IST
കൊളംബോ: ഏകദിന ക്രിക്കറ്റിൽ 10,000 റൺസ് പിന്നിട്ട് ഇന്ത്യൻ നായകൻ രോഹിത് ശർമ. ഏഷ്യാകപ്പിലെ ശ്രീലങ്കയ്ക്കെതിരായ സൂപ്പർ ഫോർ പോരാട്ടത്തിലാണ് ഹിറ്റ്മാന്റെ നേട്ടം.
ഏഴാം ഓവറിലെ അഞ്ചാം പന്തിൽ പേസർ കസുൺ രജിതയെ സിക്സർ പറത്തിയാണ് രോഹിത് സുവർണ നേട്ടത്തിലെത്തിയത്. കരിയറിലെ 248-ാം ഏകദിനത്തിലാണ് രോഹിത് 10,000 പിന്നിട്ടത്. മത്സരത്തിൽ അർധ സെഞ്ചുറി (52) പിന്നിട്ട് രോഹിത് ക്രീസിലുണ്ട്. ഇന്ത്യ 13 ഓവറിൽ ഒരു വിക്കറ്റിന് 90 എന്ന നിലയിലാണ്.
ഏകദിനത്തിൽ 10,000 പിന്നിടുന്ന ആറാമത്തെ ഇന്ത്യൻ ബാറ്റ്സ്മാനാണ് രോഹിത്. സച്ചിൻ തെൻഡുൽക്കർ, വിരാട് കോഹ്ലി, സൗരവ് ഗാംഗുലി, രാഹുൽ ദ്രാവിഡ്, എം.എസ്.ധോണി എന്നിവരാണ് മുൻപ് നേട്ടത്തിലെത്തിയത്.
ഏകദിനത്തിൽ 10,000 പിന്നിട്ട് സജീവ ക്രിക്കറ്റിൽ തുടരുന്നത് രോഹിത്തിന് പുറമെ കോഹ്ലി മാത്രമാണ്. പാക്കിസ്ഥാനെതിരേ ചൊവ്വാഴ്ച നടന്ന മത്സരത്തിൽ കോഹ്ലി 13,000 റൺസ് പിന്നിടുകയും ചെയ്തിരുന്നു.