ടൈർ നിക്കോൾസിന്റെ മരണം: സ്കോർപിയൻ യൂണിറ്റ് പിരിച്ചുവിട്ട് മെഫിംസ് പോലീസ്
Sunday, January 29, 2023 11:35 AM IST
വാഷിംഗ്ടൺ: അമേരിക്കയിൽ പോലീസ് മർദനത്തിൽ കറുത്ത വംശജനായ യുവാവ് കൊല്ലപ്പെട്ടതിനു പിന്നാലെ വിവാദ സ്കോർപിയൻ സ്പെഷൽ യൂണിറ്റ് പിരിച്ചുവിട്ട് മെഫിംസ് പോലീസ്. ടൈർ നിക്കോൾസിന്റെ (29) മരണത്തിനു പിന്നാലെ സ്കോർപിയൻ സ്പെഷൽ യൂണിറ്റിനെതിരെ വലിയ വിമർശനമാണ് ഉയർന്നുവന്നത്. സ്കോർപിയൻ സ്പെഷൽ യൂണിറ്റിലെ ഉദ്യോഗസ്ഥരാണ് നിക്കോൾസിനെ വളഞ്ഞിട്ട് മർദിച്ചത്.
മെഫിംസ് പോലീസ് തെരുവിലെ അക്രമങ്ങൾ കുറയ്ക്കാനായി രൂപീകരിച്ച സ്പെഷൽ യൂണിറ്റായിരുന്നു സ്കോർപിയൻ. പ്രത്യേക മേഖലകളിലെ കുറ്റകൃത്യങ്ങളുടെ തോത് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ 50 പേരടങ്ങുന്ന യൂണിറ്റായിരുന്നു ഇത്. പൊതുസമൂഹത്തിന്റെ വിമർശനം കണക്കിലെടുത്ത് യൂണിറ്റ് പിരിച്ചുവിടുകയാണെന്ന് മെഫിംസ് പോലീസ് അറിയിച്ചു. ചുരുക്കം ചിലരുടെ ഹീനമായ പ്രവൃത്തികൾ സ്കോർപിയൻ യൂണിറ്റിന് മാനക്കേടുണ്ടാക്കിയെന്നും പ്രസ്താവനയിൽ പറയുന്നു. നിക്കോൾസിന്റെ മരണവുമായി ബന്ധപ്പെട്ട് അഞ്ച് പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കൊലക്കുറ്റം ചുമത്തി കേസ് എടുത്തിട്ടുണ്ട്. ഇതിനു പിന്നാലെ നിക്കോൾസിനെ വളഞ്ഞിട്ടു മർദിക്കുന്നതിന്റെ വിഡിയോ പുറത്തുവന്നു. ഇടിയും ചവിട്ടും അടിയുമേറ്റുവീണ നിക്കോൾസ് ‘അമ്മേ, അമ്മേ’ എന്നു കരഞ്ഞുവിളിക്കുന്നതു വിഡിയോയിൽ കേൾക്കാം. പോലീസ് യൂണിഫോമിൽ ഘടിപ്പിച്ച കാമറയും നിരത്തിലെ കാമറയും റെക്കോർഡ് ചെയ്ത നാല് വിഡിയോ ദൃശ്യങ്ങളാണ് അധികൃതർ പുറത്തുവിട്ടത്.
ഈ മാസം ഏഴിനായിരുന്നു നിക്കോൾസിന് മർദനമേറ്റത്. ആഫ്രോ അമേരിക്കൻ വംശജനായ യുവാവ് മൂന്ന് ദിവസത്തിനുശേഷം ആശുപത്രിയിലാണു മരിച്ചത്. നിക്കോൾസിനെ പിടിച്ചത് ഡ്രൈവിംഗ് നിയമം ലംഘിച്ചതിന്റെ പേരിലാണെന്ന് ആദ്യം പോലീസ് പറഞ്ഞെങ്കിലും അതിനു തെളിവില്ലെന്ന് പിന്നീടു നടന്ന അന്വേഷണത്തിൽ കണ്ടെത്തി. ഫെഡ്എക്സ് ജീവനക്കാരനാണ് നിക്കോൾസ്. ഇദ്ദേഹത്തിന് നാല് വയസുള്ള മകനുണ്ട്. മെംഫിസിൽ അമ്മയ്ക്കൊപ്പമായിരുന്നു താമസം. കാർ തടഞ്ഞശേഷം നിക്കോൾസിനെ വലിച്ചിറക്കിയശേഷമായിരുന്നു മർദനം. താൻ കുറ്റമൊന്നും ചെയ്തില്ല, വീട്ടിലേക്കു മടങ്ങുകയാണെന്ന് അയാൾ പറഞ്ഞെങ്കിലും ഫലമുണ്ടായില്ല. പോലീസ് ഇയാളുടെ മുഖത്തു മുളകു സ്പ്രേ അടിക്കുകയും ചെയ്തു. കുതറിയോടാൻ ശ്രമിച്ച യുവാവിനെ പിന്തുടർന്നു പിടിച്ച് മർദിച്ചു.
നിലത്തുവീണ യുവാവിനെ ഒരു ഓഫിസർ വലിച്ചെഴുന്നേൽപിച്ചു നിർത്തിയപ്പോൾ മറ്റൊരാൾ തുടർച്ചയായി മുഖത്തിടിച്ചു. സ്ഥലത്തുണ്ടായിരുന്ന മറ്റു പോലീസുകാർ തടഞ്ഞതുമില്ല. ഈ സമയമെല്ലാം യുവാവ് അമ്മയെ വിളിച്ചു കരയുന്നുണ്ടായിരുന്നു. നിക്കോൾസിന്റെ വീടിനു സമീപമായിരുന്നു സംഭവം നടന്നത്.
വീഡിയോ പുറത്തുവന്നതോടെ അമേരിക്കയിൽ വ്യാപക പ്രതിഷേധമുണ്ടായി. അമേരിക്കന്‍ നഗരങ്ങളിലെമ്പാടും പോലീസിന്റെ വംശീയ ആക്രമണങ്ങൾക്കെതിരെ പ്രതിഷേധം ആളിക്കത്തി. മർദനത്തിൽ പ്രതിഷേധിച്ച് മെംഫിസ്, ന്യൂയോർക്ക്സിറ്റി, വാഷിംഗ്ടൺ, സിയാറ്റിൽ, അറ്റ്ലാന്റ തുടങ്ങിയ നഗരങ്ങളിൽ പ്രതിഷേധ മാർച്ചുകൾ നടന്നു. 2020ൽ ജോർജ് ഫ്ളോയ്ഡ് എന്ന കറുത്തവംശജനെ പോലീസുകാരന് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയത് അമേരിക്കയില്‍ വന്‍ പ്രതിഷേധത്തിന് വഴിവച്ചിരുന്നു.