അദാനിയുടെ അജണ്ടയ്ക്ക് പിന്നാലെ സര്‍ക്കാര്‍ പോകരുത്: വി.എം. സുധീരന്
Monday, November 28, 2022 11:54 AM IST
തിരുവനന്തപുരം: അദാനിയുടെ അജണ്ടയ്ക്ക് പിന്നാലെ സര്‍ക്കാര്‍ പോകരുതെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് വി.എം. സുധീരന്. സര്‍ക്കാരും മുഖ്യമന്ത്രിയും പിടിവാശി കാണിക്കരുതെന്നും ലത്തീന്‍ അതിരൂപതാ വികാരി ജനറാളുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
പദ്ധതി മൂന്നു വര്‍ഷം വൈകിയത് ജനങ്ങളുടെ കുറ്റം കൊണ്ടല്ല. വിഴിഞ്ഞം പ്രശ്നം ന്യായമായി പരിഹരിക്കാനുള്ള ശ്രമങ്ങളാണ് നടത്തേണ്ടത്. നിര്‍മാണം തുടങ്ങിയതിന് ശേഷമാണ് തീരശോഷണം ഉണ്ടായത്.
സമരത്തെ വളച്ചൊടിച്ച് തുറമുഖ വിരുദ്ധ സമരമാണെന്ന രീതിയില്‍ ചിത്രീകരിക്കാനാണ് പലരും ശ്രമിക്കുന്നത്. അത് അദാനിയുടെ അജണ്ടയാണ്. ആ അജണ്ടയുമായി സര്‍ക്കാര്‍ മുന്നോട്ട് പോകരുത്. സര്‍ക്കാര്‍ ജനങ്ങളെ പ്രതിനിധീകരിക്കുന്നവരാകണമെന്നും അദ്ദേഹം പറഞ്ഞു.