ഭീകരൻ സജ്ജാദ് ഗുല്ല് കേരളത്തിൽ പഠിച്ചു; വിവരങ്ങൾ തേടി രഹസ്യാന്വേഷണ വിഭാഗം
കെ. ഇന്ദ്രജിത്ത്
Friday, May 9, 2025 7:08 PM IST
തിരുവനന്തപുരം: പഹൽഗാം ഭീകരാക്രമണത്തിനു പിന്നിലെ മുഖ്യസൂത്രധാരൻ ഷെയ്ക് സജ്ജാദ് ഗുല്ല് കേരളത്തിലെത്തി പഠിച്ചിരുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം വിവരങ്ങൾ തേടി. ഭീകര സംഘടനയായ ദി റസിസ്റ്റൻസ് ഫ്രണ്ട് (ടിആർഎഫ്) മേധാവി ഏതാണ്ട് 20 വർഷം മുൻപു കേരളത്തിലെത്തി ലാബ് ടെക്നീഷ്യൻ കോഴ്സ് പഠിച്ചിരുന്നു.
ഇതു മലപ്പുറത്തെ ഒരു സ്ഥാപനത്തിലാണെന്ന വിവരമാണ് എൻഐഎ സംസ്ഥാനത്തെ പോലീസ് നേതൃത്വത്തെ അറിയിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ പാലക്കാട് ഉണ്ടായിരുന്ന മുഖ്യമന്ത്രി പിണറായി വിജയൻ, സംസ്ഥാന ഇന്റലിജൻസ് മേധാവി അടക്കമുള്ള വടക്കൻ ജില്ലകളിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥരെ കണ്ടു ചർച്ച നടത്തി.
വടക്കൻ മേഖലയിലെ നാലു ജില്ലകളിലെ ജില്ലാ പോലീസ് മേധാവിമാർ അടക്കമുള്ളവരുമായാണ് പാലക്കാട് മുഖ്യമന്ത്രി പിണറായി വിജയൻ ചർച്ച നടത്തിയത്. ഷെയ്ക് സജ്ജാദ് മലപ്പുറത്തു ലാബ് ടെക്നീഷ്യൻ കോഴ്സ് പഠിച്ചെന്നു വിവരം ലഭിച്ചെങ്കിലും വർഷങ്ങൾക്കു മുൻപായതിനാൽ ഇതു സംബന്ധിച്ചു കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ സ്പെഷൽ ബ്രാഞ്ച് ശ്രമം തുടങ്ങി. കോഴിക്കോട്, പാലക്കാട് ജില്ലകളിലും ഇതു സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കുന്നുണ്ട്.
അതേസമയം സംസ്ഥാനത്ത് അതിതീവ്ര ജാഗ്രത പ്രഖ്യാപിച്ചിരിക്കുകയാണ്. സോഷ്യൽ മീഡിയ പട്രോളിംഗ് കൂടുതൽ ശക്തമാക്കി. ഭീകര കേന്ദ്രങ്ങൾക്കു നേർക്കു നടത്തുന്ന ആക്രമണവുമായി ബന്ധപ്പെട്ടു വർഗീയ രീതിയിലുള്ള സമൂഹമാധ്യമ പോസ്റ്റുകൾ വരാൻ സാധ്യതയുള്ളതിനാലാണ് സോഷ്യൽ മീഡിയ പട്രോളിംഗ് ശക്തമാക്കിയത്.
വർഗീയമായി സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ ഇടുന്നവർക്കെതിരേ ശക്തമായ നിയമ നടപടികൾ സ്വീകരിക്കാനും നിർദേശിച്ചിട്ടുണ്ട്.