ജലന്ധറിന് പുതിയ ഇടയന്; ഡോ.ജോസ് തെക്കുംചേരിക്കുന്നേല്‍ അഭിഷിക്തനായി
Saturday, July 12, 2025 3:09 PM IST
ചണ്ഡീഗഡ്: ജലന്ധര്‍ രൂപത മെത്രാനായി ഡോ.ജോസ് സെബാസ്റ്റ്യന്‍ തെക്കുംചേരിക്കുന്നേല്‍ അഭിഷിക്തനായി. ജലന്ധറിലെ ട്രിനിറ്റി കോളജ് കാമ്പസില്‍ രാവിലെ പത്തിന് ആരംഭിച്ച തിരുക്കര്‍മങ്ങളില്‍ ഡല്‍ഹി ആര്‍ച്ചുബിഷപ് ഡോ. അനില്‍ ജോസഫ് തോമസ് കൂട്ടോ മുഖ്യകാര്‍മികത്വം വഹിച്ചു.
ഉജ്ജൈൻ ബിഷപ് മാർ സെബാസ്റ്റ്യൻ വടക്കേൽ, ജലന്ധറിലെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ ഡോ. ആഗ്നലോ ഗ്രേഷ്യസ് എന്നിവരാണ് സഹകാർമികരായത്. ഷിംല-ചണ്ഡിഗഡ് ബിഷപ് ഡോ. സഹായ തോമസ് വിശുദ്ധ കുർബാനമധ്യേ സന്ദേശം നൽകി.
കൈവയ്പ്പ് ശുശ്രൂഷകള്‍ക്ക് ശേഷം മോതിരമണിയിക്കുകയും അംശവടി നല്‍കുകയും സ്ഥാനിക ചിഹ്നങ്ങള്‍ അണിയിക്കുകയും ചെയ്തു. സ്ഥാനാരോഹണ ചടങ്ങുകള്‍ക്ക് ശേഷം പൊതുസമ്മേളനം നടത്തപ്പെട്ടു. വിവിധ രൂപതകളിൽനിന്നുള്ള ബിഷപ്പുമാർ, വൈദികർ, സന്യസ്തർ തുടങ്ങിയവരും വിശ്വാസികളും ചടങ്ങിന് സാക്ഷ്യം വഹിക്കാനെത്തിയിരുന്നു.
പഞ്ചാബിലെ 18 ജില്ലകളിലും ഹിമാചൽപ്രദേശിന്റെ ചില ഭാഗങ്ങളിലും വ്യാപിച്ചുകിടക്കുന്ന ജലന്ധർ രൂപതയിൽ 147 ഇടവകകളും 214 വൈദികരും 897 സന്യസ്തരുമുണ്ട്.